
‘ഡെഡ് മണി’ തട്ടിപ്പിൽ കുടുങ്ങി നൂറുകണക്കിന് ആളുകൾ. തട്ടിപ്പിൽ കുടുങ്ങിയ നിക്ഷേപകരുടെ പരാതിയിൽ ഇരിങ്ങാലക്കുട പൊലീസ് കേസെടുത്തു. തൃശൂർ പെരിഞ്ഞനം സ്വദേശി ഹരി സ്വാമി, സഹോദരി ജിഷ, മാപ്രാണം സ്വദേശി പ്രസീത എന്നിവരാണ് പ്രതികൾ.മാടായിക്കോണം സ്വദേശി മനോജിൻ്റെ പരാതിയിലാണ് കേസ്. അനന്തരാവകാശികൾ ഇല്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും കിട്ടുമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. 5000 രൂപ മുടക്കിയാൽ ഒരു കോടി രൂപ വരെ മടക്കി കിട്ടുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് നിരവധി പേർ തട്ടിപ്പ് സംഘത്തിന് പണം നൽകിയെന്നാണ് വിവരം. ഇറിഡിയം ലോഹ ശേഖരത്തിൻ്റെ പേരിലും പണം വാങ്ങിയെന്ന് പൊലീസ് പറയുന്നു. പ്രവാസിയായ തൃശൂർ ആനന്തപുരം സ്വദേശി മോഹനന് മാത്രം 45 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് വിവരം. ദീർഘകാലമായി തുടരുന്ന നിക്ഷേപ തട്ടിപ്പെന്ന് പ്രവാസി ഏഷ്യാനെറ്റ് ന്യൂഷനോട് പ്രതികരിച്ചു.