ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഉണ്ടായ വെടിവയ്പ്പില്‍ കപ്പലുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടില്ലെന്ന് വിവരം. ഐആര്‍ജിസിയുടെ രണ്ട് ഗണ്‍ബോട്ടുകള്‍ ആണ് വെടിയുതിര്‍ത്തതെന്ന് ഒരു കപ്പലിലെ ക്യാപ്റ്റന്‍ റിപ്പോര്‍ട്ട് ചെയ്തു. കപ്പലുകള്‍ക്ക് ഹോര്‍മുസ് കടക്കാന്‍ അനുമതി ലഭിച്ചിരുന്നു.അതിനിടെ ആണ് വെടിവയ്പ്പ് ഉണ്ടായതും കപ്പല്‍ മടങ്ങിയതും. കപ്പലുകളുടെ ഗതി മാറ്റാനാണ് വെടിയുതിര്‍ത്തത് എന്നാണ് ഇറാന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. ഹോര്‍മുസ് കടലിടുക്കില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യ. പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലുള്ള ഇന്ത്യന്‍ കപ്പലുകളിലെ ജീവനക്കാരോട് ജാഗ്രത കടുപ്പിക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഷിപ്പിംഗ് മന്ത്രാലയം ഇന്ന് വ്യക്തമാക്കിയേക്കും.
20 ലക്ഷം ബാരല്‍ ഇറാഖി എണ്ണയുമായി നീങ്ങുകയായിരുന്നു കപ്പലിന് നേരേയായിരുന്നു ആക്രമണം. ഒമാന്റെ വടക്കന്‍ തീരത്തു വച്ചായിരുന്നു ആക്രമണം. കപ്പലും ജീവനക്കാരും സുരക്ഷിതരെന്ന് യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു. ആക്രമണത്തിന് പിന്നാലെ രണ്ട് കപ്പലുകളും മടങ്ങിപ്പോയെന്ന് റിപ്പോര്‍ട്ടുകള്‍. എണ്ണ സമ്പന്നമായ പേര്‍ഷ്യന്‍ ഗള്‍ഫിനെ ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാനും ഒമാന്റെ ഇടയിലാണ് സ്ഥിതി ചെയ്യുന്നത്.
ഇന്ത്യന്‍ കപ്പലിന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ഇറാന്‍ അംബാസഡറെ വിളിപ്പിച്ചാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്. ഇന്ത്യയിലെ ഇറാന്റെ പ്രതിനിധിയായ ഡോ.മുഹമ്മദ് ഫത്താലിയെയാണ് വിദേശകാര്യമന്ത്രാലയം വിളിപ്പിച്ചത്. ജഗ് അര്‍ണവ് എന്ന കപ്പലിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ത്യയുമായി നല്ല ബന്ധമാണ് തുടരുന്നുവെന്ന് ഇറാന്‍ പ്രതികരിച്ചു.
