സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ, സ്‌കൂളുകളിലും ട്യൂഷൻ സെന്ററുകളിലും വേനൽക്കാല ക്ലാസുകൾ നടത്തുന്നതിനെതിരെ കർശന നിലപാടുമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. സർക്കാർ ഉത്തരവുകളും കോടതിവിധികളും ലംഘിച്ച് ക്ലാസുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ കമ്മീഷൻ ഉത്തരവിട്ടു.

സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളും കേന്ദ്രീയ വിദ്യാലയങ്ങളും ട്യൂഷൻ സെന്ററുകളും ഹൈക്കോടതി ഉത്തരവ് പ്രകാരം രാവിലെ 7.30 മുതൽ 10.30 വരെ മാത്രമേ പ്രവർത്തിക്കാവൂ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പഠന പിന്തുണാ ക്ലാസുകൾ നിലവിൽ ഉച്ചയ്ക്ക് 12.30 വരെ നിശ്ചയിച്ചത് കോടതി ഉത്തരവിന് വിരുദ്ധമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. ഈ ക്ലാസുകളും രാവിലെ 10.30-ഓടെ അവസാനിപ്പിക്കണം.

പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ വിഭാഗം വിദ്യാർത്ഥികൾക്കും ഈ ഉത്തരവ് ബാധകമാണ്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിച്ച് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പി, വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർമാർ, തദ്ദേശ വകുപ്പ് എന്നിവർക്ക് കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *