വാൽപ്പാറയിൽ 9 പേരുടെ ജീവനെടുത്ത അപകടത്തിൽ, വാഹനം ഓടിച്ചത് ടെമ്പോ ട്രാവലർ ഡ്രൈവറല്ല. സ്കൂൾ ബസ് ഡ്രൈവറാണ് വാഹനം ഓടിച്ചത്. മോട്ടോർ വാഹന വകുപ്പിന്റേതാണ് കണ്ടെത്തൽ. വാഹനാപകടത്തിൽ പ്രാഥമിക റിപ്പോർട്ട് തയാറാക്കി തമിഴ്നാട് – കേരള മോട്ടോർ വാഹന വകുപ്പുകൾ. അപകടത്തിൽപ്പെട്ട വാഹനം താഴേക്ക് പതിക്കുന്നതിനിടയിൽ പാറക്കെട്ടിൽ ഇടിച്ചു. വാഹനത്തിൽ നിന്ന് തെറിച്ചുവീണവരാണ് രക്ഷപ്പെട്ടതെന്നും കണ്ടെത്തൽ.
താഴേക്ക് പതിച്ച വാഹനം പാറക്കെട്ടുകളിൽ ഇടിച്ച് തകർന്നതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. അതേസമയം, അപകടത്തിൽ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗതി. കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന 3 പേരുടെ ആരോഗ്യസ്‌ഥിതിയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടേഴ്സ് അറിയിച്ചു. മരിച്ച സാജിതയുടെ മകൻ ഷഹദിൻ, വാൻ ഡ്രൈവർ മുഹമ്മദ് ഫായിസ്, പാങ്ങ് ഗവൺമെന്റ് എൽപി സ്‌കൂളിലെ ബസ് ഡ്രൈവർ നൗഷാദ് എന്നിവരാണ് ചികിത്സയിലുള്ളത്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചേ കാലോടെയാണ് വിനോദയാത്രയ്ക്ക് പോയ 13 അംഗ സംഘം അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ട്രാവലർ റോഡിന്റെ സംരക്ഷണ ഭിത്തി തകർത്ത് പതിമൂന്നാം വളവിൽ നിന്ന് ഒൻപതാം വളവിലേക്ക് വീഴുകയായിരുന്നു. ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരിയും ഒരു കുട്ടിയുമാണ് മരിച്ചത്.
