കൊച്ചി: ചുട്ടു പൊള്ളുന്ന ചൂടും ഇന്ധന വില വർധനയും കാരണം മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ. കടലിൽ പോകുന്ന ബോട്ടുകളിൽ പലതും വെറും കയ്യോടെയാണ് മടങ്ങി എത്തുന്നത്. ഇന്ധനത്തിൻ്റെ പണം പോലും നഷ്ടമാകുന്ന സാഹചര്യത്തിൽ ഇനി എന്ത് ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് തൊഴിലാളികൾ.

വെന്തുരുകുന്നതാണ് ഇപ്പോഴത്തെ കാലാവസ്ഥ. കരയിലും കടലിലും ഒരു പോലെ ചൂട്. കടലിൽ ചൂട് കൂടിയതോടെ മത്സ്യബന്ധനത്തിന് പോകുന്ന ബോട്ടുകൾ പലതും കാലി ആയാണ് കരയിലേക്ക് തിരിച്ചെത്തുന്നത്. ലക്ഷങ്ങൾ വേണം ബോട്ടിറക്കാൻ. എന്നാൽ മുടക്ക് മുതൽ പോലും തിരിച്ച് കിട്ടുന്നില്ല. ചൂട് കാരണം തീരക്കടലിലേക്ക് മീനുകൾ എത്താത്തത് പരമ്പരാഗത മത്സ്യ തൊഴിലാളികൾക്കും തിരിച്ചടിയാണ്. കടലിൽ ഇറങ്ങിയാൽ കാര്യമായി ഒന്നും ലഭിക്കാത്തതിനാൽ പലരും ബോട്ട് ഇറക്കുന്നില്ല. മത്സ്യ ലഭ്യതക്കുറവിനൊപ്പം മണ്ണണ്ണയുടെയും ഇന്ധനത്തിൻ്റെയും വില വർധന കടലിൽ പോകുന്നവർക്കേറ്റ ഇരട്ട പ്രഹരമായി. 103 രൂപ ഉണ്ടായിരുന്ന മണ്ണെണ്ണ വില ഇപ്പോൾ 150 രൂപയ്ക്ക് മുകളിലാണ്.

തൽസ്ഥിതി തുടർന്നാൽ ട്രോളിങ്ങിന് മുൻപേ മത്സ്യത്തൊഴിലാളികൾക്ക് വറുതിക്കാലമാകും. മീനുകൾ കുറവായതുകൊണ്ട് തന്നെ വില്പനയ്ക്ക് എത്തുന്ന മീനുകളുടെ വില വർധിക്കുന്നത് സാധാരണക്കാർക്കും തിരിച്ചടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *