കാസര്‍കോട്: എസ്എസ്എൽസി പരീക്ഷയിൽ ഇനി മുഴുവന്‍ എ പ്ലസ് വാങ്ങുന്നവരുടെ എണ്ണം കുറയും. ചോദ്യപേപ്പർ ഘടനയിൽ മാറ്റം വരുത്തിയും 20 ശതമാനം ചോദ്യങ്ങൾ സങ്കീർണമാക്കിയും ഫുൾ എ പ്ലസ് കുറക്കാനെടുത്ത നടപടിക്ക് പിന്നാലെ മൂല്യനിർണയവും കടുപ്പിക്കാനുള്ള നിർദ്ദേശം നൽകി വിദ്യാഭ്യാസ വകുപ്പ്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്എസ്എൽസി മൂല്യനിർണയം ആരംഭിച്ചത്. മൂല്യനിർണയം കടുപ്പിക്കണമെന്ന നിർദേശം അന്ന് വിദ്യാഭ്യാസ വകുപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. മുഴുവൻ വിഷയത്തിൽ എ പ്ലസ് കിട്ടുന്ന വിദ്യാർഥികളുടെ എണ്ണം കൂടുന്നത് പലപ്പോഴും സർക്കാറിന് തലവേദനയാകാറുണ്ട്. മുൻ വർഷങ്ങളില്‍ മുഴുവൻ എ പ്ലസ് ലഭിച്ചിട്ടും പ്ലസ് ടുവിന് ആഗ്രഹിച്ച കോഴ്‌സിന് സീറ്റ് ലഭിക്കാത്തവരുടെ എണ്ണവും നിരവധിയായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് എ പ്ലസ് കുറക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തതെന്നാണ് പുറത്ത് വരുന്ന വിവരം.

ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷയിൽ ചോദ്യപേപ്പറിലും അടിമുടി മാറ്റങ്ങളുണ്ടായിരുന്നു. അവസാനത്തെ 20 ശതമാനം ചോദ്യങ്ങളും സങ്കീർണമാക്കിയിരുന്നു. ഇതിനെതിരെ അധ്യാപകര്‍ പോലും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൂല്യനിർണയവും കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അപൂർണമായ ഉത്തരങ്ങൾക്ക് അരമാർക്ക് നേരത്തെ നൽകിയിരുന്നു. എന്നാൽ ഇനി അതുപോലും നൽകേണ്ടെന്നാണ് നിർദേശം. പൂർണമായ ഉത്തരം എഴുതിയാൽ മാത്രം മുഴുവൻ മാർക്കും നൽകിയാൽ മതിയെന്നാണ് പുതിയ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *