കോഴിക്കോട്: കോഴിക്കോട് എന്‍ ഐ ടി യുടെ വികസനത്തിന് എന്നും കൈകോര്‍ക്കുന്നവരാണ് പൂര്‍വ വിദ്യാര്‍ഥികള്‍. 1997 ബാച്ചിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളും അവരോടൊപ്പം 1971 ബാച്ചിലെ ധര്‍മേന്ദ്രകുമാര്‍ അഗര്‍വാളും ചേര്‍ന്ന് എന്‍ ഐ ടി സിക്ക് നല്‍കിയിരിക്കുന്നത് വിദ്യാര്‍ഥികളിലെ കൂട്ടായ്മ വര്‍ധിപ്പിക്കാനുതകുന്ന 97 ത് അവന്യു ആണ്.

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിനായി എന്‍ ഐ ടി സി വിഭാവനം ചെയ്ത ആശയം 1997 ബാച്ച് ഏറ്റെടുത്ത് പൂര്‍ത്തിയാക്കുകയായിരുന്നു. ക്യാമ്പസില്‍ സ്വാഭാവിക ഭൂപ്രകൃതി നിലനിര്‍ത്തിക്കൊണ്ടാണ് പദ്ധതി രൂപകല്‍പ്പന ചെയ്തത്.
അവന്യൂവിന് മൂന്ന് തലങ്ങളുണ്ട്. അതില്‍ താഴത്തെ നില ഒരു മാവിന്റെ തണലില്‍ സംഗീത പരിപാടികള്‍ അവതരിപ്പിക്കാനും മീറ്റിംഗുകള്‍ക്കുമായുള്ള തുറസായ സ്ഥലമായാണ് വികസിപ്പിച്ചിരിക്കുന്നത്. സെന്‍ട്രല്‍ പോഡ് സ്ഥിതി ചെയ്യുന്ന ഉയര്‍ന്ന പ്രതലത്തില്‍ മേല്‍ക്കൂരയോടുകൂടി ഔട്ട്ഡോര്‍ ഹൈബ്രിഡ് വര്‍ക്ക്സ്പെയ്സായി ഉപയോഗിക്കാവുന്ന സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ലാപ്ടോപ്പുകള്‍ / ടാബുകള്‍ ഉപയോഗിച്ച് അവരുടെ സര്‍ഗ്ഗാത്മകത പര്യവേക്ഷണം ചെയ്യാനും മനോഹരമായ കാഴ്ച ആസ്വദിക്കാനും കഴിയും.
ഈ രണ്ട് ഇടങ്ങള്‍ക്കിടയിലുള്ള ചരിവുള്ള പ്രദേശം ഒരു വിശ്രമ സ്ഥലമായും പച്ച പുല്‍മേടായും രൂപകല്‍പ്പന ചെയ്തിരിക്കുന്നു. അറിവിനായുള്ള ആഗ്രഹത്തെ പ്രതീകാത്മകമായി പ്രതിനിധീകരിക്കാന്‍ അവന്യൂവില്‍ ഒരു കണ്ണും അവര്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.
ഈ പദ്ധതി മറ്റ് ബാച്ചുകള്‍ക്കും വലിയ പ്രചോദനമാകുമെന്ന് എന്‍ഐടിസി ഡയറക്ടര്‍ പ്രൊഫ.പ്രസാദ് കൃഷ്ണ പറഞ്ഞു. 1997 ബാച്ചിലെ മണി ജെയിംസ്, ദീപക് സോമരാജന്‍, സറീന, വിനോദ് സി, രത്‌നവേണി സുനില്‍, പരിതോഷ് ലാല്‍, പ്രവീണ്‍ എസ്, സ്മിത വിജയരാഘവന്‍, ആനന്ദ് വി എസ് എന്നിവര്‍ ബാച്ചിനെ പ്രതിനിധീകരിച്ച് പരിപാടിയില്‍ പങ്കെടുത്തു.

എന്‍ ഐ ടി സി അലുംനി അസോസിയേഷന്‍ (നിറ്റ്കാ) പ്രസിഡന്റ പ്രകാശ് ഷെട്ടി, നിറ്റ്കാ സെക്രട്ടറി സുനില്‍ കുമാര്‍ ആര്‍, നിറ്റ്കാ വൈസ് പ്രസിഡന്റ് തങ്കച്ചന്‍ തോമസ്, നിറ്റ്കാ ട്രെഷറര്‍ ഡോ. മുഹമ്മദ് ഫിറോസ് സി, നിറ്റ്കാ കോഴിക്കോട് ചാപ്റ്റര്‍ പ്രസിഡന്റ് സദീഷ് പി, നിറ്റ്കാ കൊച്ചിന്‍ ചാപ്റ്റര്‍ പ്രസിഡന്റ് സന്തോഷ് മേലേകളത്തില്‍, നിറ്റ്കാ കൊച്ചിന്‍ ചാപ്റ്റര്‍ സെക്രട്ടറി ചാര്‍ലി ജെ തോമസ് എന്നിവര്‍ നിറ്റ്കാ ഭരണസമിതിയെ പ്രതിനിധീകരിച്ചു.
ചടങ്ങില്‍ കോഴിക്കോട് എന്‍ ഐ ടി ഡയറക്ടര്‍, രജിസ്ട്രാര്‍, ഡീന്‍, വകുപ്പ് മേധാവികള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വവിദ്യാര്‍ഥികള്‍, അധ്യാപക അനധ്യാപക ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. ഡോ എം കെ രവി വര്‍മ്മ, ഡീന്‍ (ഇന്റര്‍നാഷണല്‍, അലുംനി ആന്‍ഡ് കോര്‍പ്പറേറ്റ് റിലേഷന്‍സ്), പ്രകാശ് ഷെട്ടി, 97 ബാച്ചിന്റെ പ്രതിനിധിയും നിറ്റ്കാ ചെന്നൈ ചാപ്റ്റര്‍ സെക്രട്ടറിയുമായ മണി ജെയിംസ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് മൂവാറ്റുപുഴ അന്നൂര്‍ ഡെന്റല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലുമായി സഹകരിച്ച് ദന്ത പരിചരണത്തിനായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ നിറ്റ്കാ വൈസ് പ്രസിഡന്റും പ്രസ്റ്റീജ് ഗ്രൂപ്പിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ തങ്കച്ചന്‍ തോമസ് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *