ഇന്ത്യയുടെ ഇതിഹാസ അത്‌ലറ്റിക് താരം മില്‍ഖാ സിംഗ് അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30യോടെയാണ് മരണം സംഭവിച്ചത്. മില്‍ഖാ സിങ്ങിനെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ചണ്ഡീഗഡ് പി ജി ഐ എം ഇ ആര്‍ ആശുപത്രിയിലെ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരുന്നു. അഞ്ചു ദിവസത്തിനു മുന്‍പാണ് മില്‍ഖാ സിംഗിന്റെ ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ നിര്‍മല്‍ കൗര്‍ കോവിഡ് മൂലം മരണപ്പെട്ടത്.
മെയ് 20 മുതല്‍ അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ഇതിഹാസമായ മില്‍ഖാ സിംഗ് കോവിഡ് രോഗബാധിതനായിരുന്നു. ആദ്യം രോഗം സ്ഥിരീകരിച്ചതിന് ശേഷം ചണ്ഡീഗഢിലെ വീട്ടില്‍ ഐസൊലേഷനിലായിരുന്നു അദേഹം. പിന്നാലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളുടെ ആഭ്യര്‍ഥന പരിഗണിച്ച് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ വീട്ടില്‍ വെച്ച് ഓക്‌സിജന്റെ അളവില്‍ ഗണ്യമായ കുറവു വരികയും ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുകയും ചെയ്തതോടെ മില്‍ഖയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
‘പറക്കും സിഖ്’ എന്ന് പേരില്‍ കായിക രംഗത്ത് അറിയപ്പെടുന്ന മില്‍ഖാ സിംഗ് രാജ്യം കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റായാണ് വിലയിരുത്തപ്പെടുന്നത്. 400 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ അത്‌ലറ്റാണ്. 1958ല്‍ കട്ടക്കില്‍ നടന്ന ദേശീയ ഗെയിംസില്‍ 200, 400 മീറ്ററിലും അദ്ദേഹം സ്വര്‍ണ്ണം നേടിയിട്ടുണ്ട്. 1964ല്‍ കൊല്‍ക്കത്തയില്‍ നടന്ന ദേശീയ ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളിയും നേടി. നാല് തവണയാണ് മില്‍ഖാ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുള്ളത്. കായിക ഇനങ്ങളുടെ ലോകകപ്പായ ഒളിമ്പിക്‌സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ നാലാം സ്ഥാനത്തെത്തിയിട്ടുണ്ട്. 1956ലെ റോം ഒളിമ്പിക്‌സില്‍ നടന്ന ഈ മത്സരത്തില്‍ സെക്കന്‍ഡില്‍ ഒരു അംശത്തിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെങ്കല മെഡല്‍ നഷ്ടമായത്. മെഡല്‍ നഷ്ടമായി എങ്കിലും ഒളിമ്പിക്‌സില്‍ അത്‌ലറ്റിക്‌സില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം കുറിക്കാന്‍ അദ്ദേഹത്തിനായി. കായിക രംഗത്തെ മികച്ച പ്രകടനങ്ങള്‍ക്ക് രാജ്യം 1958ല്‍ അദ്ദേഹത്തിന് പദ്മശ്രീ നല്‍കി ആദരിച്ചു.
2013 ല്‍ പ്രസിദ്ധീകരിച്ച ‘ദ് റേസ് ഓഫ് മൈ ലൈഫ്’ മില്‍ഖ സിങ്ങിന്റെ ആത്മകഥയാണ്. ഒരു പടുകൂറ്റന്‍ കായികതാരത്തെയാണ് നമുക്കു നഷ്ടമായത്. അസംഖ്യം ഇന്ത്യക്കാരുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം നേടിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. മില്‍ഖയുടെ വേര്‍പാടില്‍ ഏറെ വേദനിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. രാകേഷ് ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്ത 2013ല്‍ പുറത്തിറങ്ങിയ ഭാഗ് മില്‍ഖാ ഭാഗ് എന്ന ബോളിവുഡ് ചിത്രം ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്‌ലറ്റായ മില്‍ഖയുടെ ജീവിതം ആസ്പദമാക്കി എടുത്ത ചിത്രമാണ്. ബോളിവുഡ് താരമായ ഫര്‍ഹാന്‍ അക്തറാണ് മില്‍ഖയായി ചിത്രത്തില്‍ വേഷമിട്ടത്.