കോഴിക്കോട്: വിവിധ സംസ്ഥാനങ്ങളിൽ മോഷണക്കേസുകളിൽ പ്രതിയായ കർണാടക ഷിമോഗ ജില്ലയിലെ കൊപ്പ സ്വദേശിയായ ‘ഡോളർ അനി’ എന്നറിയപ്പെടുന്ന അനിൽകുമാർ (38) നെ കോഴിക്കോട് പോലീസ് അറസ്റ്റ് ചെയ്തു. മോഷണ സ്വർണം വിറ്റഴിക്കാൻ സഹായിച്ച അമ്പായത്തോട് സ്വദേശിയായ തനിക്കൽ വീട്ടിൽ ജയിംസ് (58) നെയും പോലീസ് പിടികൂടി.

ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് IPS ന്റെ നിർദ്ദേശപ്രകാരം, ഡിസിപി പദംസിംഗ് IPS ന്റെ മേൽനോട്ടത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ടൗൺ ACP പ്രമോദൻ കെ.വി. യുടെ നേതൃത്വത്തിൽ നടക്കാവ് CI ഷൈൻ ഉൾപ്പെടെയുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ മാസം 24-നാണ് സൈബർ ഫോറൻസിക് വിദഗ്ദനായ വിനോദ് ഭട്ടതിരിപ്പാടിന്റെ അഴകോടി ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ കവർച്ച നടന്നത്. വീട്ടുകാർ പുറത്തുപോയ സമയത്ത് മുൻവാതിൽ പൊളിച്ച് അകത്ത് കടന്ന പ്രതി ഏകദേശം 20 പവനോളം സ്വർണം കവർന്നിരുന്നു.
നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ, സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും പരിശോധിച്ച് അനിൽകുമാറാണ് പ്രതിയെന്ന് കണ്ടെത്തി. തുടർന്ന് കർണാടകയിലും തമിഴ്നാട്ടിലും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഇയാൾ ഇടംമാറി സഞ്ചരിച്ചതിനാൽ പിടികൂടൽ ദുഷ്കരമായി.

പിന്നീട് സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പിന്റെ വിശദമായ അന്വേഷണത്തിൽ പ്രതി തേനി പ്രദേശത്തുണ്ടെന്ന വിവരം ലഭിച്ചു. കമ്പത്ത് ഒരു കോളനിയിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തിയെങ്കിലും തമിഴ്നാട് പോലീസിന്റെ അന്വേഷണത്തെ തുടർന്ന് അവിടെ നിന്ന് മാറിയിരുന്നു. തുടർന്ന് നടത്തിയ പിന്തുടർച്ചയിൽ തേനി ടൗണിൽ നിന്നാണ് ഇയാളെ സാഹസികമായി പിടികൂടിയത്. കോയമ്പത്തൂരിലേക്ക് കടക്കാനൊരുങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്.

ഈ കേസിനുപുറമേ കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷൻ പരിധിയിലെ കുറ്റിക്കാട്ടൂർ, മേത്തോട്ടുതാഴം, വയനാട് കല്പറ്റ എന്നിവിടങ്ങളിലെ ഭവനഭേദന കേസുകൾ ഉൾപ്പെടെ എട്ട് കേസുകൾക്കും ഇതോടെ തെളിവുകൾ ലഭിച്ചു.

മോഷണ സ്വർണം വിറ്റഴിക്കാൻ സഹായിച്ച ജയിംസ് മുമ്പ് മുപ്പതിലധികം ഭവനഭേദന കേസുകളിൽ പ്രതിയായിട്ടുണ്ട്. നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുമുണ്ട്. കവർന്ന സ്വർണം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ലഹരി ഉപയോഗം, ചൂതാട്ടം, മറ്റ് കുറ്റവാളികൾക്ക് മദ്യവും ലഹരിവസ്തുക്കളും എത്തിക്കാൻ പണം ചെലവഴിക്കുന്നതായിരുന്നു അനിൽകുമാറിന്റെ പ്രവർത്തന രീതി

Leave a Reply

Your email address will not be published. Required fields are marked *