ഇപ്പോളത്തെ ഇന്ത്യൻ ടീമിൽ സുഹൃത്തുക്കളില്ലെന്നും ഉള്ളത് മുഴുവൻ സഹപ്രവർത്തകർ മാത്രമാണെന്നും സ്പിന്നർ ആർ അശ്വിൻ. എല്ലാവരും അവരവരുടെ വളർച്ചക്ക് വേണ്ടി മാത്രമാണ് ശ്രമിക്കുന്നതെന്നും അശ്വിൻ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“ഈ കാലത്ത് എല്ലാവരും സഹപ്രവർത്തകരാണ്. നേരത്തെ, ടീമിലുള്ളവർ സുഹൃത്തുക്കളായിരുന്നു. ഇപ്പോൾ അവർ സഹപ്രവർത്തകരാണ്. അത് തമ്മിൽ വലിയ അന്തരമുണ്ട്. അടുത്തിരിക്കുന്നയാളെക്കാൾ സ്വയം വളർച്ചയാണ് എല്ലാവരുടെയും ലക്ഷ്യം. ‘എന്താണ് വിശേഷം?’ എന്ന് ചോദിക്കാനൊന്നും ആർക്കും സമയമില്ല. സത്യത്തിൽ, പങ്കുവെക്കുമ്പോഴാണ് ക്രിക്കറ്റ് മെച്ചപ്പെടുന്നതെന്ന് എനിക്ക് തോന്നുന്നു. സഹതാരത്തിൻ്റെ യാത്രയും ടെക്നിക്കുമൊക്കെ അറിയുമ്പോൾ നമ്മുടെ കളി മെച്ചപ്പെടും. പക്ഷേ, അതൊന്നും സംഭവിക്കുന്നില്ല. നിങ്ങളെ സഹായിക്കാൻ ആരും വരില്ല. അതൊരു ഒറ്റപ്പെട്ട യാത്രയാണ്. പ്രൊഫഷണലുകളുടെ സഹായം തേടാനും പരിശീലിക്കാനുമൊക്കെ കഴിയും. പക്ഷേ, ക്രിക്കറ്റ് സ്വയം പഠിക്കേണ്ടതാണെന്ന് പലപ്പോഴും നമ്മൾ മറക്കും.”- അശ്വിൻ പറഞ്ഞു.
തന്നെ ക്യാപ്റ്റൻസിയിലേക്ക് പരിഗണിക്കാതിരുന്നത് താൻ അധികമായി ചിന്തിക്കുന്നയാളാണെന്ന് ചിലർ തെറ്റിദ്ധരിക്കുന്നതിനാലാണെന്നും അശ്വിൻ കൂട്ടിച്ചേർത്തു. “15-20 മത്സരങ്ങൾ കളിക്കുന്നവർക്ക് അങ്ങനെ ചെയ്യേണ്ടതില്ല. പക്ഷേ, രണ്ട് മത്സരം മാത്രം കളിക്കുന്നവർ അധികമായി ചിന്തിക്കണം. അത് എൻ്റെ യാത്രയാണ്. നിങ്ങൾ 15 മത്സരം കളിക്കുമെന്നും സംരക്ഷിക്കപ്പെടുമെന്നും, നേതൃസ്ഥാനത്താണെന്നും അധികൃതർ പറഞ്ഞാൽ, ഞാനെന്തിന് അധികമായി ചിന്തിക്കണം?”- അശ്വിൻ ചോദിച്ചു.