കള്ളക്കുറിച്ചിയില്‍ മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. അദ്ധ്യാപകരുടെ സമ്മര്‍ദ്ദം സഹിക്കാന്‍ പറ്റുന്നില്ലെന്നും, താന്‍ പഠിക്കാത്ത കുട്ടിയാണെന്ന് എല്ലാവരോടും പറയുകയാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ചിന്നസേലത്തിന് സമീപമുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

രസതന്ത്രം, കണക്ക് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അദ്ധ്യാപകരുടെ സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്നാണ് ആത്മഹത്യാകുറിപ്പില്‍ പറയുന്നത്. താന്‍ നന്നായി പഠിക്കുന്ന കുട്ടിയാണ്. പക്ഷെ രസതന്ത്രത്തില്‍ കുറെ സമവാക്യങ്ങളുണ്ട്, അത് പഠിക്കാന്‍ തനിക്ക് കഴിയുന്നില്ല. രസതന്ത്രം അദ്ധ്യാപിക തന്നെ സമ്മര്‍ദ്ധത്തിലാകുന്നുന്നുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

വിദ്യാര്‍ഥിനിയുടെ കുറിപ്പ് ഇങ്ങനെ:-

‘ഞാന്‍ നന്നായി പഠിക്കാറുണ്ട്. എന്നാല്‍ കെമിസ്ട്രിയില്‍ ഒരുപാട് ഇക്വേഷനുകളാണുള്ളത്. ഈ ഇക്വേഷന്‍സ് പഠിക്കാന്‍ എനിക്ക് കഴിയുന്നില്ല. കെമിസ്ട്രി മിസ് എന്നെ സമ്മര്‍ദത്തിലാക്കുകയാണ്. ഒരുദിവസം അവര്‍ മാത്ത്സ് മിസ്സിനോട് ഞാന്‍ പഠിക്കാറില്ലെന്ന് പറഞ്ഞു. അവര്‍ എന്നെ വഴക്ക് പറഞ്ഞു. പഠിക്കാതെ ഹോസ്റ്റലില്‍ ഞാന്‍ എന്ത് ചെയ്യുകയാണെന്ന് ചോദിച്ചു. ഇത് എനിക്ക് ഏറെ പ്രയാസമുണ്ടാക്കി.

ഈ മിസ്സുമാരില്‍ ഒരാള്‍ ഞാന്‍ പഠിക്കാറില്ലെന്ന് എല്ലാ സ്റ്റാഫിനോടും പറഞ്ഞു. ഇന്ന് രാവിലെ ക്ലാസില്‍വെച്ച് ഒരു അധ്യാപിക എന്തുകൊണ്ടാണ് ഞാന്‍ പഠിക്കാത്തതെന്ന് ചോദിച്ചു. ഞാന്‍ കളിച്ചുനടക്കുകയാണെന്നും പറഞ്ഞു. മാത്ത്സ് മിസ്സും കെമിസ്ട്രി മിസ്സും എന്നെ സമ്മര്‍ദത്തിലാക്കുകയാണ്. ഇത് എനിക്ക് താങ്ങാന്‍ കഴിയുന്നില്ല. എന്നെ മാത്രമല്ല, മാത്ത്സ് മിസ്സ് എല്ലാവരെയും ഉപദ്രവിക്കുന്നുണ്ട്.

ഈ വര്‍ഷത്തെ ഫീസ് ദയവായി എന്റെ അമ്മയ്ക്ക് തിരികെ നല്‍കണമെന്ന് ശാന്തി മാഡത്തോട് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. പുസ്തകത്തിന്റെയും ഹോസ്റ്റലിന്റെയും ഫീസുകളും തിരികെ നല്‍കണം. ഹോസ്റ്റലില്‍ ഞാന്‍ കുറച്ചുദിവസമേ താമസിച്ചിട്ടുള്ളൂ. സോറി അമ്മ, സോറി അപ്പ’.

Leave a Reply

Your email address will not be published. Required fields are marked *