മെറ്റയുടെ ഉടമസ്ഥതയിലുള്ള ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്ക് ആഗോളതലത്തിൽ ഭാഗികമായി നിലച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് ഉപയോക്താക്കൾക്ക് അക്കൗണ്ടുകൾ ലോഗിൻ ചെയ്യാനും ഫീഡുകൾ പുതുക്കാനും സാധിക്കാത്ത വിധം തകരാർ വ്യാപകമായി ശ്രദ്ധയിൽപ്പെട്ടത്. ഫെയ്‌സ്ബുക്കിന്റെ ഡെസ്‌ക്ടോപ്പ് പതിപ്പ് ഉപയോഗിക്കുന്നവരെയാണ് ഈ തകരാർ ബാധിച്ചിരിക്കുന്നത്.
പെട്ടെന്നുണ്ടായ തടസ്സത്തെ തുടർന്ന് ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളാണ് മറ്റ് സമൂഹമാധ്യമങ്ങളിലൂടെ പരാതിയുമായി രംഗത്തെത്തിയത്. അക്കൗണ്ട് തുറക്കാൻ ശ്രമിക്കുന്ന ഉപയോക്താക്കൾക്ക് ലോഗിൻ പേജിൽ ഒരു പിശക് സന്ദേശമാണ് ദൃശ്യമാകുന്നത്.
“നിങ്ങളുടെ അക്കൗണ്ട് താൽക്കാലികമായി ലഭ്യമല്ല. സൈറ്റിലെ ചില സാങ്കേതിക പ്രശ്‌നങ്ങൾ കാരണമാണിത്. ഇത് ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കുറച്ച് മിനിറ്റുകൾക്ക് ശേഷം വീണ്ടും ശ്രമിക്കുക.”
ഡൗൺഡിറ്റക്ടറിൽ ഞായറാഴ്ച രാവിലെ 9 മണി മുതൽ ‘Facebook Down’ എന്ന തിരച്ചിലിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
