തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ അതിക്രമം കാട്ടുകയും ലോക്കപ്പിലുള്ള പ്രതികളെ മോചിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ക്രൈം റെക്കോഡ്‌സ് ബ്യൂറോ സിഐ യഹിയയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. മദ്യലഹരിയിൽ സ്റ്റേഷനിലെത്തി ഇയാൾ നടത്തിയ അച്ചടക്കലംഘനങ്ങളും നാടകീയ സംഭവങ്ങളും സേനയ്ക്ക് തന്നെ വലിയ നാണക്കേടായി മാറിയിരുന്നു.
വെള്ളിയാഴ്ച ചുള്ളിമാനൂരിൽ നിന്ന് ആയുധങ്ങളുമായി പിടിയിലായ നാലംഗ സംഘത്തിലെ രണ്ടുപേർ തന്റെ ബന്ധുക്കളാണെന്ന് അവകാശപ്പെട്ടാണ് സിഐ യഹിയ നെടുമങ്ങാട് സ്റ്റേഷനിലെത്തിയത്. ഇവരെ ഉടൻ വിട്ടയക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. എന്നാൽ, നിയമവിരുദ്ധമായ ഈ ആവശ്യം പൊലീസ് ഉദ്യോഗസ്ഥർ കർശനമായി തള്ളിക്കളഞ്ഞു. ഇതിൽ പ്രകോപിതനായ സിഐ, സ്റ്റേഷനുള്ളിൽ വെച്ച് ബഹളം വെക്കുകയും തുടർന്ന് ബലപ്രയോഗത്തിലൂടെ സെല്ലിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയുമായിരുന്നു.

ലോക്കപ്പിനുള്ളിൽ തറയിൽ കിടന്നടക്കം ഇയാൾ പ്രതിഷേധം തുടർന്നു. മദ്യലഹരിയിലായിരുന്ന ഉദ്യോഗസ്ഥനെ സഹപ്രവർത്തകർ ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ച് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെ ജോലി തടസ്സപ്പെടുത്തിയതിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
സംഭവത്തിൽ നെടുമങ്ങാട് ഡിവൈഎസ്‌പി അടിയന്തര അന്വേഷണം നടത്തി തിരുവനന്തപുരം റൂറൽ എസ്‌പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. നേരത്തെയും സേനയിൽ നിരവധി അച്ചടക്ക ലംഘനങ്ങൾ നടത്തിയിട്ടുള്ള ഉദ്യോഗസ്ഥനാണ് യഹിയയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കർശന നടപടി സ്വീകരിച്ചിരിക്കുന്നത്.
