തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതത്തില്‍ കഴിയുന്നവരുടെ സാമ്പത്തിക ബാധ്യത അടക്കമുള്ള കാര്യങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ക്ക് സംസ്ഥാന തല ബാങ്കേഴ്സ് സമിതി ഇന്ന് യോഗം ചേരും. തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ വിവിധ ബാങ്ക് പ്രതിനിധികള്‍ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. ദുരിത ബാധിതരുടെ സാമ്പത്തിക ബാധ്യതകളില്‍ മനുഷ്യത്വപരമായ സമീപനം വേണമെന്ന് ഇതിനകം തന്നെ അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്.

ദുരിത ബാധിതരുടെ അക്കൗണ്ടുകളില്‍ നിന്ന് ഇഎംഐ ഈടാക്കുന്നത് അടക്കം നടപടികള്‍ വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചത്. ഈടും വസ്തുവകകളും നഷ്ടമായവരുടെ ബാധ്യതകള്‍ എഴുതിത്തള്ളുകയോ വായ്പകള്‍ക്ക് മൊറൊട്ടോറിയം ഏര്‍പ്പെടുത്തുകയോ ചെയ്യാന്‍ നടപടികളുണ്ടായേക്കും.

ഇതിനകം ഈടാക്കിയ മാസതവണകള്‍ തിരിച്ച് നല്‍കാനുള്ള തീരുമാനം യോഗത്തില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. എല്ലാ ബാങ്കുകളുടെയും ഉന്നത അധികാരികള്‍ യോഗത്തില്‍ പങ്കെടുക്കും. ദുരന്തബാധിതരില്‍ നിന്ന് ഗ്രാമീണ്‍ ബാങ്ക് പിടിച്ച പണം തിരികെ നല്‍കുമെന്ന് ബാങ്കേഴ്സ് സമിതി ജനറല്‍ മാനേജര്‍ കെ എസ് പ്രദീപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *