അധ്വാനിച്ച് ജീവിക്കാൻ പ്രായം ഒരു തടസ്സേമയല്ലെന്നതിന് മികച്ചൊരു ഉദാഹരണമാണ് കോഴിക്കോട് കാളാണ്ടി താഴം പൂനെയിൽ വീട്ടിൽ രാമചന്ദ്രന്റെ ജീവിതം. പ്രായം അറുപത് കഴിഞ്ഞു പക്ഷെ ഇപ്പോഴും ഹോട്ടൽ നടത്തിപ്പിൽ സജീവം, ഹോട്ടലാവാട്ടെ ഭക്ഷണ പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നും. പത്താമത്തെ വയസ്സിൽ അച്ഛൻ കേളുവിന്റെ കൈപിടിച്ചാണ് രാമചന്ദ്രേട്ടൻ ഈ മേഖലയിലേക്ക് എത്തുന്നത്. അന്ന് പുതിയറയിൽ ശാന്താവിലാസം എന്ന പേരിലായിരുന്നു കട. പിന്നീട് മൂഴിക്കൽ കാളാണ്ടിത്താഴത്തായി കട.അച്ഛൻ പകർന്നു നൽകിയ രുചിക്കൂട്ട് ആണ് പിന്നീടുള്ള യാത്രയിൽ അദ്ദേഹത്തിന് കരുത്തായത്. ഇതുപോലെ രുചിയുള്ള വെള്ളപ്പം മറ്റൊരിടത്തു നിന്നും കിട്ടില്ലെന്നും പറയും, ഒരിക്കൽ എങ്കിലും ഈ രുചി അറിഞ്ഞിട്ടുള്ളവർ. കഴിഞ്ഞ 50 വർഷമായി വീടിനോട് ചേർന്നാണ് കട നടത്തുന്നത്. ​രാവിലെ 4.30 ഇവിടെ അടുക്കള ഉണരും. രുചികരമായ നാടൻ ഭക്ഷണങ്ങളാണ് രാമചന്ദ്രേട്ടൻ ഉണ്ടാക്കുന്നത്, ഏറ്റവും പ്രധാനം വെള്ളപ്പം. പുട്ട് ,പപ്പടം ,പൊറോട്ട, പച്ചക്കറി, മീൻകറി അങ്ങനെ നീളുന്നു ഇവിടുത്തെ വിഭവങ്ങൾ. രാവിലെ 6.30 ആയാൽ കടയിൽ തിരക്കായി ജോലിക്കു പോകുന്നവർ, വ്യായാമം കഴിഞ്ഞ് വരുന്നവർ, കുട്ടികൾ അങ്ങനെ പലരും കടയിൽ എത്തും. ആ തിരക്ക് 2 മണി വരെ നീളും, കച്ചവടം കഴിഞ്ഞാൽ പിന്നെ വിശ്രമം എന്ന് ധരിക്കേണ്ട. മില്ലിൽ പോയി അരി പൊടിച്ച് കൊണ്ടുവരണം പിറ്റേന്നത്തേക്ക് മാവ് കൂട്ടണം അങ്ങനെ വീണ്ടും നീളും രാമചന്ദ്രന്റെ ജോലികൾ. മക്കളെ പഠിപ്പിച്ചതും വിവാഹം കഴിപ്പിച്ചതും വീട് ഉണ്ടാക്കിയതും എല്ലാം ഈ കട നടത്തിയുള്ള വരുമാനത്തിൽ നിന്നാണ്. മക്കൾ രണ്ട് പേരും ജോലിക്കാർ . മൂത്ത മകൾ ആരതി രാമചന്ദ്രൻ സ്കൂൾ അധ്യാപികയാണ് ഒപ്പം അച്ഛന്റെ വഴിയെ കാറ്ററിങ് സ്ഥാപനവും നടത്തുന്നു. ആതിരാ രമ ചന്ദ്രൻ നഴ്സിംങ് കോളേജിൽ ലക്ചർ. മക്കളൊക്കെ നല്ല നിലയിലായി എന്നാലും ആരോ​ഗ്യമുളള കാലം വരെയും ഈ കട നടത്തിക്കൊണ്ടുപോവാനാണ് രാമചന്ദ്രന്റെ തീരുമാനം , അതിന് കൂട്ടായി ഭാര്യ രമയും കൂടെയുണ്ട്. പറഞ്ഞു കേട്ടും നിരവധി ആളുകൾ കാളാണ്ടിതാഴത്തെ രാമചന്ദ്രേട്ടന്റെ കടയിൽ പതിവായി എത്തുന്നുണ്ട്. എല്ലാവർക്കും സ്നേഹത്തോടെ അദ്ദേഹം ഭക്ഷണം വിളമ്പും. ഈ കടയിലെ പതിവുകാരിൽ മനുഷ്യർ മാത്രമല്ല ഉള്ളത്. കാക്കയക്കും മൈനയക്കും പൂച്ചയ്ക്കും എല്ലാമുണ്ട് രാമചന്ദ്രേട്ടന്റെ വക സ്ഥിരം ഭക്ഷണം.

Leave a Reply

Your email address will not be published. Required fields are marked *