തിരുവനന്തപുരം: ഹേമ കമ്മിറ്റിക്ക് മുന്‍പാകെ ലൈംഗിക ഉപദ്രവവും ചൂഷണവും വെളിപ്പെടുത്തിയ ഇരുപതിലധികം പേരുടെ മൊഴി ഗൗരവസ്വഭാവമുള്ളതെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഇവരില്‍ ഭൂരിഭാഗം പേരെയും പത്ത് ദിവസത്തിനുള്ളില്‍ നേരിട്ട് ബന്ധപ്പെടും. നിയമനടപടി തുടരാന്‍ ആഗ്രഹിക്കുന്നവരുടെ മൊഴിയില്‍ ഒക്ടോബര്‍ മൂന്നിനകം കേസെടുക്കും. പ്രത്യേക അന്വേഷണ സംഘം ബുധനാഴ്ച ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.
ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നത്. മറ്റു ചില പരാതികളില്‍ അന്വേഷണം മുന്നോട്ടു പോകുന്നുണ്ടെങ്കിലും, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ലഭിച്ച സാഹചര്യത്തില്‍ എസ്.ഐ.ടി സ്വീകരിക്കുന്ന തുടര്‍ നടപടികള്‍ എന്താകുമെന്ന കാര്യത്തില്‍ വ്യക്തത വന്നിരുന്നില്ല. കമ്മിറ്റിക്കു മുന്‍പാകെ സിനിമ മേഖലയിലെ നിരവധിപേര്‍ നല്‍കിയ മൊഴികള്‍ അന്വേഷണ സംഘം വിലയിരുത്തി. വിവിധ ഉദ്യോഗസ്ഥരാണ് ഓരോ മൊഴിയും പരിശോധിച്ചത്. തുടര്‍ന്നു നടത്തിയ യോഗത്തിലാണ് ഇരുപതിലേറെ മൊഴികള്‍ ഗൗരവതരമെന്ന് വിലയിരുത്തിയത്.