രാത്രിയിൽ കിണറ്റിൽ അകപ്പെട്ട കുറുനരിയെ ജീവനോടെ പുറത്തെടുത്ത് താമരശ്ശേരി റെയിഞ്ച് ഫോറസ്റ്റ് റെസ്ക്യൂട്ടീവ് ടീം അംഗങ്ങൾ.കുന്ദമംഗലം
കളരിക്കണ്ടി മലയിൽ പ്രദേശത്തെ ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗ ശൂന്യമായ കിണറിലാണ് കുറുനരി വീണത്. വെള്ളിയാഴ്ച രാത്രിയാണ് കുറുനരി കിണറ്റിൽ അകപ്പെട്ടത്. ശബ്ദം കേട്ടപ്പോൾ കുറുക്കനാണെന്ന് കരുതിയ പ്രദേശ വാസികൾ പിറ്റേന്ന് രാവിലെ കിണറിനരികിൽ എത്തി നോക്കിയപ്പോളാണ് കുറുനരി ആണെന്ന് മനസ്സിലായത്. പ്രദേശവാസികൾ വിവരം അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥരെത്തി കുറുനരിയെ പുറത്തെടുത്തത്. രണ്ട് മണിക്കൂറോളം സമയം എടുത്താണ് കുറുനരിയെ ജീവനോടെ പുറത്തെടുത്ത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർമരായ ബിനീഷ് ,അജീഷ്, ആർആർടി അംഗങ്ങളായ നാസർ, സുജിത്ത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. കുറുനരിയെ കാട്ടിലേക്ക് തന്നെ തുറന്ന് വിട്ടു.
ഒറ്റ നോട്ടത്തിൽ കുറുക്കനുമായി സാദൃശ്യമുള്ള സസ്തനിയാണ് കുറുനരി. കുറുക്കന്മാരുടെ ദേഹം മുഴുവൻ രോമാവരണം ഉണ്ടാകും. വാലിന് നിലത്തിഴയും വിധം നല്ല നീളവും നിറയെ രോമവും ഉണ്ടാകും. വാലഗ്രം കറുപ്പ് നിറമുണ്ട്.എന്നാൽ കുറുനരികൾക്ക് , അത്ര ഭംഗിയില്ലാത്ത മുഷിഞ്ഞ രോമാവരണം ആണുണ്ടാകുക. വാൽ കുറുക്കന്റെ വാലോളം നീളവും രോമാവരണവും ഉള്ളതല്ല.കേരളത്തിൽ കുറുക്കന്മാരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. വളരെ അപൂർവ്വമായി മാത്രമേ ഇവയെ കാണാറുള്ളു. കുറുനരികൾ ധാരാളമായി ഇപ്പോഴും ഉണ്ട്.