ഐഎസ്ആര്‍ഒയുടെ അത്യാധുനിക വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 യുടെ വിക്ഷേപണം വിജയകരം. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് 20 വിക്ഷേപിച്ചത്. ടെലികോം ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ ജിസാറ്റ്-20 സഹായകരമാകും.ഫ്‌ളോറിഡയിലെ കേപ് കനാവറിലെ സ്പേസ് കോംപ്ലക്സ് 40 ല്‍ നിന്ന് പുലര്‍ച്ചെ 12.01 നായിരുന്നു ജി സാറ്റ് 20 യുടെ വിക്ഷേപണം. 4700 കിലോഗ്രാമാണ് ജി സാറ്റ് 20യുടെ ഭാരം.ഐഎസ്ആര്‍ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണവാഹനമായ എല്‍വിഎം – 3യുടെ പരമാവധി വാഹകശേഷിയേക്കാള്‍ കൂടുതലാണിത്. അതിനാലാണ് വിക്ഷേപണത്തിന് സ്‌പേസ് എക്സിന്റെ സഹായം തേടിയത്.
34 മിനിറ്റുകള്‍ നീണ്ട യാത്രയ്ക്ക് ശേഷം ഉപഗ്രഹം വേര്‍പെട്ട് ഭ്രമണപഥത്തില്‍ എത്തിച്ചേര്‍ന്നു. വിദൂര പ്രദേശങ്ങളില്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങളും യാത്രാവിമാനങ്ങളില്‍ ഇന്റര്‍നെറ്റും നല്‍കാന്‍ ജി സാറ്റ് 20 സഹായിക്കും. ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും അതിവേഗ കണക്ടിവിറ്റി എത്തും. എട്ട് നാരോ സ്‌പോട്ട് ബീമുകളും 24 വൈഡ് സ്‌പോട്ട് ബീമുകളും ഉള്‍പ്പെടെ 32 യൂസര്‍ ബീമുകളാണ് ഉപഗ്രഹത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഐഎസ്ആര്‍ഒ അതിന്റെ വാണിജ്യ വിഭാഗമായ ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡ് വഴി സ്‌പേസ് എക്‌സ് റോക്കറ്റില്‍ ഉപഗ്രഹം വിക്ഷേപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *