കൊടകര കുഴൽപ്പണക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത് വന്ന് 20 ദിവസമായിട്ടും പൊലീസ് മൊഴിയെടുക്കാത്തതിൽ ആശങ്കയുണ്ടെന്ന് ബിജെപി തൃശ്ശൂര്‍ ജില്ലാ ഓഫീസിലെ മുന്‍ സെക്രട്ടറി തിരൂർ സതീഷ്. പാലക്കാട് തിരഞ്ഞെടുപ്പിന് വേണ്ടി മൊഴിയെടുപ്പ് മാറ്റിവയ്ക്കേണ്ടതില്ലെന്നിരിക്കെ എന്ത് കൊണ്ടാണ് പൊലീസ് അന്വേഷണം ആരംഭിക്കാത്തതെന്ന് പൊലീസിന് മാത്രമേ അറിയൂവെന്നും തിരൂർ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

വിവരങ്ങൾ പുറത്തുവന്നിട്ട് 20 ദിവസമായി. ഞാൻ കാര്യങ്ങൾ തുറന്നു പറഞ്ഞതിന് പിന്നാലെ പൊലീസ് എന്നെ വിളിച്ചിരുന്നു. പക്ഷേ പിന്നീട് ആരും ബന്ധപ്പെട്ടിട്ടില്ല. പുതിയ അന്വേഷണസംഘം പ്രഖ്യാപിച്ച് മൊഴിയെടുക്കുന്നതിന് കോടതി സമീപിച്ചുവെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. ഇതുവരെയും മൊഴിയെടുക്കാത്ത കാര്യത്തിൽ ആശങ്കയുണ്ട്.

അന്ന് ബിജെപിയിൽ തൃശ്ശൂർ ജില്ലയുടെ ചുമതല ഉണ്ടായിരുന്നത് പാലക്കാട്ടെ ഇപ്പോഴത്തെ സ്ഥാനാർത്ഥി കൃഷ്ണകുമാറിനായിരുന്നു. അതിനാൽ അന്വേഷണം വൈകിപ്പിക്കുന്നതിൽ ആശങ്കയുണ്ട്. മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിന് പുറമേ കൂടുതൽ കാര്യങ്ങൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്താനുണ്ട്. കൈമാറാൻ കൂടുതൽ തെളിവുകളുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കൊടകര കുഴൽപ്പണക്കേസിൽ ബിജെപിയെ വീണ്ടും കടുത്ത വെട്ടിലാക്കുകയാണ് മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്. ബിജപിക്കെതിരെയും കെ സുരേന്ദ്രനെതിരെയും തിരൂർ സതീഷ് മുമ്പ് കൊടകര കേസുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയത്. പണം ചാക്കിൽകെട്ടി ധർമരാജൻ ബിജെപി ഓഫീസിലെത്തിയിരുന്നുവെന്നായിരുന്നു നേരത്തെ നടത്തിയ പ്രധാന വെളിപ്പെടുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *