കേരത്തിൽ വീണ്ടും ഹവാല പണമിടപാട് വ്യാപകമാകുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. കടൽ മാർഗമാണ് ഇടപാടുകൾ നടക്കുന്നത് എന്നതിന്‍റെ വ്യക്തമായ സൂചനയാണ് പുറത്ത് വരുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ 264 കോടിയോളം രൂപയുടെ ഹവാല ഇടപാടുകൾ നടന്നെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.ദിവസങ്ങൾക്ക് മുമ്പ് കടൽ കടന്നു ബേപ്പൂർ വഴി ചാലിയാറിൽ ബോട്ട് എത്തിയതാണ് സംശയത്തിന് തുടക്കമിട്ടത്. ഈ ബോട്ട് കോസ്റ്റ് ഗാർഡും കോസ്റ്റൽ പൊലീസും കസ്റ്റഡിയിലെടുക്കുകയും പരിശോധിക്കുകയും ചെയ്‌തു. എന്നാൽ ഒന്നും കണ്ടെത്തിയില്ല. രേഖകൾ ശരിയെന്ന് കണ്ടു വിട്ടയയ്ക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ ഒഴിഞ്ഞ ബോട്ട് എന്തിനു വന്നു എന്നതാണ് ദുരൂഹത വർധിപ്പിച്ചത്. ഇതിന് പിന്നാലെയാണ് അന്വേഷണ ഏജൻസികൾ പരിശോധന ആരംഭിച്ചത്.തെരഞ്ഞെടുപ്പ് കാലത്ത് ഹവാല പണം ഒഴുകിയതിന്‍റെ നിരവധി റിപ്പോർട്ടുകൾ നേരത്തെയും പുറത്ത് വന്നിരുന്നു. ഗൾഫുമായും വിവിധ സംസ്ഥാനങ്ങളുമായും ഇതിനു ബന്ധമുണ്ടെന്നാണ് വിലയിരുത്തൽ. ഇതേ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാണ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചിട്ടുള്ളത്. മലബാറിലെ തീരങ്ങൾ കേന്ദ്രീകരിച്ചാണ് ഇടപാടുകൾ നടക്കുന്നത്.അതേസമയം കേരളത്തിലേക്ക് ഉത്തരേന്ത്യയിൽ നിന്നും വാഹനങ്ങളിലും പണം എത്തുന്നതായി വിവരമുണ്ട്. അന്വേഷണവും പരിശോധനയും തുടരുമ്പോഴും എത്തുന്ന പണം ഭരണ സ്വാധീനം ഉപയോഗിച്ച് ആവിയായി പോകുന്നുണ്ടോ എന്ന മറു ചോദ്യവും ഇവിടെ ഉയരുന്നു.

Leave a Reply

Your email address will not be published. Required fields are marked *