സിപി രാധാകൃഷ്‌ണൻ ഇന്ന് തെലങ്കാന ഗവർണറായി ചുമതലയേറ്റു. രാജ്ഭവനിൽ ഇന്ന് രാവിലെ 11.15 നാണ് ഗവർണറായി ചുമതലയേറ്റത്. നിലവില്‍ ജാർഖണ്ഡ് ഗവർണറായ സിപി രാധാകൃഷ്‌ണന് ഇന്നലെ രാഷ്‌ട്രപതി ദ്രൗപതി മുർമു തെലങ്കാനയുടെയും പുതുച്ചേരിയുടെയും അധിക ചുമതല നൽകുകയായിരുന്നു.പതിവ് ക്രമീകരണങ്ങൾ ഉണ്ടാകുന്നത് വരെ സ്വന്തം ചുമതലകൾക്ക് പുറമെ തെലങ്കാന ഗവർണറുടെയും പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണറുടെയും ചുമതലകൾ നിർവഹിക്കാൻ ജാർഖണ്ഡ് ഗവർണർ സി പി രാധാകൃഷ്‌ണനെ നിയമിക്കുന്നതിൽ ഇന്ത്യൻ രാഷ്ട്രപതിയും സന്തുഷ്‌ടനാണെന്ന് രാഷ്ട്രപതിഭവൻ ഇറക്കിയ പ്രസ്‌താവനയിൽ പറഞ്ഞു.കഴിഞ്ഞ ദിവസമായിരുന്നു തെലങ്കാന ഗവർണർ സ്ഥാനത്ത് നിന്ന് തമിഴിസൈ സൗന്ദരരാജൻ രാജിവച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ നിന്ന് മത്സരിക്കുന്നതിന് വേണ്ടിയാണ് രാജിവച്ചതെന്നാണ് റിപ്പോർട്ട്. തെലങ്കാന ഗവർണർ പദവിയെ കൂടാതെ 2021 ഫെബ്രുവരി 18 മുതൽ പുതുച്ചേരിയുടെ ലെഫ്‌റ്റനന്‍റ്‌ ഗവർണറെന്ന ചുമതലയും തമിഴിസൈ സൗന്ദരരാജൻ വഹിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *