കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുലി ഭീതിലാണ് മമ്പാട്ടുക്കാർ. ഇന്നലെ രാത്രിയും പ്രദേശവാസികൾ പുലിയെ വീണ്ടും കണ്ടു. നടുവക്കാട് ഇളംപുഴയിലാണ് പുലിയെ വീണ്ടും കണ്ടത്. ജനവാസമേഖലയിൽ പുലിയുടെ സ്ഥിര സാന്നിധ്യം പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.ബുധനാഴ്ച രാത്രി രണ്ടിടങ്ങളിലാണ് പുലിയെ കണ്ടത്. രാത്രി ഏഴരയോടെ ഇളംപുഴയിലാണ് ആദ്യം കണ്ടത്. പുലി ഓടിമറയുന്നതു കണ്ടെന്നാണ് നാട്ടുകാർ അറിയിച്ചത്. തുടർന്ന് രാത്രി ഒൻപതോടെ മമ്പാട് കോളേജ് കവലയിലും പുലിയെ കണ്ടെന്ന വിവരത്തെത്തുടർന്ന് വനപാലകർ പരിശോധനയ്ക്കെത്തി.ഇളംപുഴയിൽ കെണിവെച്ച സ്ഥലത്തിനോടുചേർന്ന് വയലാണ്. ഇതിന്റെ മറുകരയോടുചേർന്ന പ്രദേശത്താണ് പുലിയെ കണ്ടതെന്ന വിവരം നാട്ടുകാർ വനപാലകരെ അറിയിച്ചത്. പ്രദേശത്ത് രാത്രി ഏറെ വൈകിയും വനപാലകരും സന്നദ്ധസേവകരും തിരച്ചിൽ നടത്തി.രണ്ടാഴ്ച മുമ്പ് പ്രദേശത്ത് സ്കൂട്ടർ യാത്രികരെ പുലി ആക്രമിച്ചിരുന്നു. ഇതോടെ വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു. കൂടിയാലോചകൾക്ക് ശേഷം തുടർനടപടികൾ സംബന്ധിച്ച് വനംവകുപ്പ് തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *