തമിഴ്നാട്: വിരുദുന​ഗറിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ മരണം 25 ആയി ഉയർന്നു. കട്ടാന്നാർപട്ടിയിലെ വനജ ഫയർവർക് എന്ന പടക്ക നിർമാണശാലയിലായിരുന്നു സ്ഫോടനം നടന്നത്. നാല് മുറികളുള്ള കെട്ടിടത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. സ്ഫോടനത്തിൽ എല്ലാ മുറികളും തകർന്നു. പടക്ക കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്.

മധുര, തിരുനെൽവേലി എന്നീ മെഡിക്കൽ കോളേജുകളിൽ നിന്ന് ഉൾപ്പെടെയുള്ള 14 പേരടങ്ങിയ സംഘമാണ് പോസ്റ്റുമോർട്ടം നടത്തുന്നത്. കൊല്ലപ്പെട്ട 25 പേരില്‍ 20 പേരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. ഇവരുടെ പോസ്റ്റുമോർട്ടം നടപടികളാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. പോസ്റ്റുമോർട്ടം വേഗത്തിൽ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകാൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദ്ദേശം നൽകിയിരുന്നു. അപകടത്തിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന് ഉത്തരവാദിയായ കെട്ടിടം ഉടമയ്ക്കെതിരെയുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. സർക്കാർ നിയോഗിച്ച വിദഗ്ധസംഘം സംഭവസ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കും.

സ്ഫോടനമുണ്ടായപ്പോള്‍ 10 കിലോമീറ്റര്‍ ദൂരത്തുവരെയും പ്രകമ്പനം ഉണ്ടായതായി പ്രദേശവാസികള്‍ പറഞ്ഞു. സ്ഫോടനം നടക്കുമ്പോൾ അമ്പതോളം പേർ ഇവിടെ ഉണ്ടായിരുന്നതായിട്ടാണ് വിവരം. പലരും സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *