വടകര: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ യുവാവിനെ കാണാതായ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വടകര ആയഞ്ചേരി സ്വദേശി വിഷ്ണുവിനെ ആണ് കാണാതായത്. ഇതിന് തൊട്ടുമുൻപുള്ള സിസിടിവി ദൃശ്യങ്ങൾ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വടകര ബസ് സ്റ്റാൻഡിൽ നിന്നാണ് ദൃശ്യങ്ങൾ. ബാങ്കിൽ പോകാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിഷ്ണു വടകരയിൽ വച്ച് സുഹൃത്തിന്റെ എടിഎം വഴി 1000 രൂപ എടുത്തു. തൊട്ടുപിന്നാലെ ഒരു കോൾ വന്നതായി സുഹൃത്തിന്റെ മൊഴി. ഈ ഫോണ്‍ കോളിന് ശേഷം വിഷ്ണു അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കളോട് സുഹൃത്ത് പറഞ്ഞു. ശേഷമാണ് വിഷ്ണുവിനെ കാണാതാകുന്നത്.

ലോൺ ആപ്പിൽ നിന്നും വിഷ്ണു 10,000 രൂപ കടമെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുകളിൽ നിന്ന് നിരന്തരം ഭീഷണി കോളുകൾ വന്നിരുന്നതായി ബന്ധുക്കൾ പറയുന്നു. വിഷ്ണുവിന്റെ വ്യക്തിവിവരങ്ങൾ ഉപയോഗിച്ചും സുഹൃത്തുക്കളെ വിളിച്ചും അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.

സംഭവത്തിൽ വടകര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷ്ണുവിന്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നത്. കൂടാതെ സൈബർ സെല്ലിന്റെ സഹായത്തോടെ ലോൺ ആപ്പുകളിൽ നിന്നുള്ള ഭീഷണി സന്ദേശങ്ങളും കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ലോൺ ആപ്പ് മാഫിയകളുടെ കെണിയിൽപ്പെട്ട് മുൻപും സമാനമായ രീതിയിലുള്ള അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ അതീവ ഗൗരവത്തോടെയാണ് പൊലീസ് കേസ് കൈകാര്യം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *