കേരളത്തിൽ ചൂട് കഠിനമായി തുടരുന്നു. സംസ്ഥാനത്തെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് ജില്ലയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൊല്ലം ജില്ലയിൽ 39°C വരെയും, കോട്ടയത്ത് 38°C വരെയും ചൂട് അനുഭവപ്പെടാം. ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37°C വരെയും തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. ഇത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 3 മുതൽ 4 ഡിഗ്രി വരെ കൂടുതലാണ്.

വേനൽ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗവും സർവ്വകാല റെക്കോർഡിലെത്തിയിരിക്കുകയാണ്. ഇന്നലെ 117.15 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിൽ ഉപയോഗിച്ചത്. വൈകുന്നേരത്തെ പീക്ക് സമയത്തെ ആവശ്യകത 6033 മെഗാവാട്ടായി ഉയർന്നു. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ പവർകട്ടിനോ ലോഡ് ഷെഡിംഗിനോ ഉള്ള സാധ്യതയുണ്ടെന്നും എന്നാൽ അത് ഒഴിവാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. അതേസമയം, ഉഷ്ണതരംഗത്തിന് ആശ്വാസമായി ഇന്ന് മുതൽ ഏപ്രിൽ 22 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *