പാലക്കാട്: വടകരപ്പതി കൗണ്ടന്നൂരിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ അമ്മാവനെ യുവാവ് അടിച്ചു കൊലപ്പെടുത്തി. കൗണ്ടന്നൂർ സ്വദേശി ശെന്തിൽ കുമാർ (45) ആണ് മരിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി പ്രഭാകരനെ കൊഴിഞ്ഞാമ്പാറ പോലീസ് ഇന്ന് രാവിലെ തമിഴ്‌നാട് അതിർത്തിയിൽ നിന്ന് പിടികൂടി.
ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം നടന്നത്. അവിവാഹിതനായ ശെന്തിൽ കുമാർ സഹോദരിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇവിടെ വെച്ച് ശെന്തിൽ കുമാറും അനന്തരവൻ പ്രഭാകരനും ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യലഹരിയിൽ ഇവർക്കിടയിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി നിസ്സാര തർക്കം ഉടലെടുത്തു. തർക്കം മുറുകിയതോടെ പ്രകോപിതനായ പ്രഭാകരൻ സമീപത്തുണ്ടായിരുന്ന ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് ശെന്തിൽ കുമാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വീണ ശെന്തിലിനെ ഉടൻ തന്നെ വേലന്താവളത്തെ ആശുപത്രിയിലും തുടർന്ന് കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
