തൃശ്ശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. ആൽജോയുടെ മൃതദേഹം വീട്ടിലെത്തിച്ച സമയത്ത് വീടിനരികിൽ നിന്ന് പാമ്പിനെ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞദിവസം കുട്ടിയെ കടിച്ച പാമ്പിന്റെ അതേ വലിപ്പത്തിലുള്ള പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. ഇതോടെ പ്രദേശത്ത് ശംഖുവരയന്‍ പാമ്പിന്റെ കുഞ്ഞുങ്ങള്‍ നിരവധി ഉണ്ടോ എന്ന പരിഭ്രാന്തി ഉയര്‍ന്നിട്ടുണ്ട്. പാമ്പിന് കുഞ്ഞുങ്ങള്‍ എവിടെ നിന്നാണ് വരുന്നത് എന്ന് കണ്ടെത്താന്‍ അധികൃതരും നാട്ടുകാരും ചേര്‍ന്ന് പരിശോധന നടത്താനുള്ള ശ്രമത്തിലാണ്. അൽജോയുടെ സഹോദരൻ 10 വയസ്സുള്ള അലോജിനും കടിയേറ്റിട്ടുണ്ട്. അലോജ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വീട്ടിലെ കിടപ്പുമുറിയിൽ അമ്മയ്ക്കൊപ്പം കിടന്നുറങ്ങിയതാണ് കുട്ടികൾ. പുലർച്ചെ രണ്ടു മണിയോടെ കുട്ടികൾക്ക് ശാരീരികാസ്വാസ്ഥ്യം തോന്നുന്നുവെന്നു പറഞ്ഞ് അമ്മയെ വിളിച്ചുണർത്തുകയായിരുന്നു. വയറുവേദന എന്നാണ് കുട്ടികൾ അമ്മയോട് പറഞ്ഞത്. കഴിഞ്ഞ ദിവസം വെള്ളിക്കുളങ്ങരയിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുത്ത കുടുംബം അവിടെനിന്ന് ഭക്ഷണം കഴിച്ചിരുന്നു. തിരിച്ചെത്തി ജ്യൂസും കുടിച്ചു. അതുമൂലമുണ്ടായ പ്രശ്നമാകാം എന്നു കരുതി കുട്ടികൾക്ക് ചൂടുവെള്ളം കുടിക്കാൻ കൊടുത്തു.
കുട്ടികൾ വീണ്ടും ഉറങ്ങാൻ കിടന്നെങ്കിലും മൂത്ത കുട്ടി അമ്മയെ വിളിച്ചുണർത്തി അസ്വസ്ഥത തോന്നുന്നുവെന്നു പറഞ്ഞു. അപ്പോഴാണ് എട്ടുവയസുകാരൻ തീർത്തും അവശനിലയിലാണെന്നു കണ്ടത്. ഭക്ഷ്യവിഷബാധയാകാം എന്നുകരുതി കുട്ടികളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ രോഗലക്ഷണം കണ്ട് സംശയം തോന്നിയ ഡോക്ടറാണ് കുട്ടികൾക്കു പാമ്പുകടിയേറ്റതാകാമെന്നു പറഞ്ഞത്. ശരീരത്തിൽ പാമ്പു കടിച്ച പാടും കണ്ടെത്തി.
തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് കുട്ടികളുടെ മുറി പരിശോധിച്ചപ്പോഴാണ് കിടക്കയിൽ തലയിണയുടെ അടിയിൽ ശംഖുവരയൻ ഇനത്തിൽപെട്ട പാമ്പിൻ കുഞ്ഞിനെ കണ്ടത്. അതിനെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു.
