മെഡിക്കൽ കോളേജിന് കീഴിലുള്ള ചെറൂപ്പ സബ്സെന്ററിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തുക, കിടത്തി ചികിത്സ പുനസ്ഥാപിക്കുക, ആശുപത്രിയോടുള്ള അധികാരികളുടെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സമരസമിതിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. മാർച്ച് പ്രധാന കവാടത്തിൽ പോലീസ് തടഞ്ഞു. മാവൂർ, പെരുവയൽ, ചാത്തമംഗലം, വാഴക്കാട് അടക്കമുള്ള പ്രദേശത്തെ രാഷ്ട്രീയ വ്യത്യാസമില്ലാതെ വനിതകളടക്കമുള്ള മുന്നോറോളം ആളുകൾ മാർച്ചിൽ അണിനിരന്നു. മെഡിക്കൽ കോളേജ് പോലീസ് ബാരിക്കേഡ് വച്ച് മാർച്ച് തടഞ്ഞതോടെ സമരക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.രഞ്ജിത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. എച്ച്.എം.സി. അംഗം വി.എസ്. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഖാദർ, കോൺഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് വളപ്പിൽ റസാക്ക്, ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ടി.പി.സുരേഷ്, അൻവർ സാദത്ത് (വെൽഫെയർ പാർട്ടി), ടി.കെ.മജീദ് (സി.പി.എം.), കെ.പി.രാജശേഖരൻ (ആർ.എം.പി.), മൻസൂർ മണ്ണിൽ (കേരള പ്രവാസി അസോസിയേഷൻ), ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൈമൂന കടുക്കാഞ്ചേരി, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത്, കെ.ടി.വത്‌സരാജ്, ഇസ്മായിൽ മാസ്റ്റർ, സുന്ദരൻ എന്നിവർ സംസാരിച്ചു.

മാവൂർ ഗ്രാമപഞ്ചായത്തിലെ ഏക ആരോഗ്യ സ്ഥാപനമായ ചെറൂപ്പ ആശുപത്രിയിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുക, മാവൂരിൽ പി.എച്ച്.സി.യും സി.എച്ച്.സി.യും നിലവിലില്ലാത്തതിനാൽ ചെറൂപ്പ എം.സി.എച്ച്. യൂണിറ്റ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന് വിട്ട് നൽകുക, കിടത്തി ചികിത്സയും അത്യാഹിത വിഭാഗവും പ്രവർത്തിപ്പിക്കുക, പി.ജി ഡോക്ടർമാരുടെ സേവനം ഉറപ്പു വരുത്തുക, ആരോഗ്യ ഇൻഷൂറൻസ് സംവിധാനം ഉൾപ്പെടുത്തി ആശുപത്രി സേവനം മെച്ചപ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനം സമരസമിതിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് സമർപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *