ചെന്നൈ: തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ വിഷമദ്യദുരത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി ഉയര്‍ന്നു. വിഷമദ്യദുരന്തത്തില്‍ 35 പേര്‍ മരിച്ചുവെന്ന് കള്ളക്കുറിച്ച് ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് അറിയിച്ചു. സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
74 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. 67 പുരുഷന്‍മാരും ആറ് സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്‍ഡറുമാണ് നിലവില്‍ ചികിത്സയിലുള്ളതെന്ന് മന്ത്രി ഇ.വി വേലു അറിയിച്ചു. കള്ളക്കുറിച്ചിയിലെ കരുണാപുരത്താണ് വിഷമദ്യദുരന്തമുണ്ടായത്. പാക്കറ്റുകളിലെത്തിച്ച വിഷമദ്യം കഴിച്ചാണ് ആളുകള്‍ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. വയറിളക്കം, ഛര്‍ദ്ദി, വയറുവേദന, കണ്ണുകളില്‍ പ്രശ്‌നം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കള്ളക്കുറിച്ചി, സേലം, വില്ലുപുരം, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്. വ്യാജ മദ്യം വിറ്റ ഗോവിന്ദ്‌രാജ് എന്ന കണ്ണുക്കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവിടെ നിന്നും 200 ലിറ്റര്‍ മദ്യം പൊലീസ് പിടിച്ചെടുത്തു. പരിശോധനയില്‍ മെഥനോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.