മാവൂര്‍ എന്‍ഐടി കൊടുവള്ളി റോഡ് പ്രവൃത്തി ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതാണെന്ന് മന്ത്രി വീണാ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. പി.ടി.എ റഹീം എംഎല്‍എ അവതരിപ്പിച്ച സബ്മിഷന് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് വേണ്ടി നിയമസഭയില്‍ മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യത്തിലുള്ള ഉറപ്പ് നല്‍കിയത്.
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള ഈ റോഡിന്റെ പ്രവൃത്തിക്ക് 52.2 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിട്ടുണ്ട്. കെ.ആര്‍.എഫ്.ബി തയ്യാറാക്കിയ അലൈന്‍മെന്റ് പ്രകാരം റോഡിന്റെ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചതായും റവന്യൂ വകുപ്പുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തിയതായും റവന്യൂ സര്‍വേ നടന്നുവരുന്നതായും മന്ത്രി അറിയിച്ചു. റോഡ് നിര്‍മ്മാണത്തിന് ആവശ്യമായ 90% ഭൂമിയും മുന്‍കൂട്ടി വിട്ടുകിട്ടിയ സാഹചര്യത്തില്‍ ആയത് ടെണ്ടര്‍ ചെയ്യണമെന്ന എംഎല്‍എയുടെ ആവശ്യം പരിഗണിക്കുന്നതില്‍ സാങ്കേതികമായ ചില തടസ്സങ്ങളുണ്ടെന്നും മുറിച്ച് മാറ്റേണ്ട മരങ്ങളുടെയും പൊളിച്ചുനീക്കേണ്ട കോമ്പൗണ്ട് വാള്‍ ഉള്‍പ്പെടെയുള്ള ചമയങ്ങളുടെയും വില നിര്‍ണയിക്കുന്നതില്‍ ഇത് പ്രതിസന്ധിയുണ്ടാക്കുമെന്നും ഇക്കാര്യങ്ങള്‍ പരിഹരിച്ച് വേഗത്തില്‍ പ്രവൃത്തി ആരംഭിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതാണെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.