ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം ഇന്ന് നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കൊളംബോയിലാണ് മത്സരം തുടങ്ങുക. പരമ്പര പിടിക്കുക ലക്ഷ്യമിട്ടാണ് രാഹുല്‍ ദ്രാവിഡിന്റെ യുവ ഇന്ത്യ ഇറങ്ങുന്നത്. അതേസമയം കൂടുതല്‍ പരിക്കേല്‍ക്കാതിരിക്കുകയാകും ശ്രീലങ്കയുടെ ശ്രമം. ഇന്ത്യയുടെ രണ്ടാംനിര എന്ന് അര്‍ജുന രണതുംഗ പരിഹസിച്ചെങ്കിലും ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം ആദ്യ മത്സരത്തിലേ പ്രകടമായിരുന്നു. ഇന്ത്യന്‍ യുവ ബാറ്റ്സ്മാന്മാര്‍ സ്‌ഫോടനാത്മകമായി ബാറ്റുവീശിയപ്പോള്‍ നായകന്‍ ശിഖര്‍ ധവാന്‍ കരുതലും കരുത്തും കൂട്ടിയിണക്കി ക്രീസിലുറച്ചു.

ആതിഥേയര്‍ക്കാകട്ടേ സ്‌ട്രൈക്ക് റോട്ടേറ്റ് ചെയ്തും കൂട്ടുകെട്ടുകള്‍ ഉയര്‍ത്തിയും ഇന്ത്യയെ സമ്മര്‍ദത്തിലാക്കാനേ കഴിഞ്ഞില്ല. ആദ്യ മത്സരത്തില്‍ നിറംമങ്ങിയെങ്കിലും വൈസ് ക്യാപ്റ്റനും സീനിയര്‍ ബൗളറുമായ ഭുവനേശ്വര്‍ കുമാറിനെ പുറത്തിരുത്തുക എളുപ്പമാകില്ല. ഭുവനേശ്വറിനെ മാറ്റാനുറച്ചാല്‍ നവ്ദീപ് സൈനിക്ക് നറുക്ക് വീഴും. സഞ്ജു സാംസന്റെ പരിക്ക് ഭേദമായതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ബിസിസിഐ ഒന്നും വ്യക്തമാക്കിയിട്ടില്ല. ഇഷാന്‍ കിഷന്‍ അരങ്ങേറ്റത്തില്‍ തകര്‍ത്തടിച്ചതോടെ വിക്കറ്റിന് പിന്നിലും മുന്നിലും തത്ക്കാലം സ്ഥാനം ഉറപ്പാണ്. അതേസമയം വലിയ നാണക്കേടിന് അരികെയാണ് ലങ്കന്‍ സംഘം. ഇന്ന് കൂടി തോറ്റാല്‍ ഈ വര്‍ഷം ശ്രീലങ്ക അടിയറവുപറഞ്ഞ ഏകദിനങ്ങളുടെ എണ്ണം രണ്ടക്കത്തിലേക്ക് കടക്കും.

മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം ടീം ഇന്ത്യ സ്വന്തമാക്കിയിരുന്നു. വിജയലക്ഷ്യമായ 263 റണ്‍സ് 80 പന്ത് ബാക്കിനില്‍ക്കെ ഇന്ത്യന്‍ യുവനിര മറികടക്കുകയായിരുന്നു. ഓപ്പണറായിറങ്ങി ലങ്കന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പറത്തിയ പൃഥ്വി ഷായാണ് മാന്‍ ഓഫ് ദ് മാച്ച്. ഷാ 24 പന്തില്‍ 43 ഉം സഹ ഓപ്പണറും നായകനുമായ ശിഖര്‍ ധവാന്‍ 95 പന്തില്‍ 86 ഉം മറ്റൊരു അരങ്ങേറ്റക്കാരന്‍ സൂര്യകുമാര്‍ യാദവ് 20 പന്തില്‍ 31 ഉം റണ്‍സെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *