തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശം. നിതിന്റെ പിതാവ് രാജന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തരമന്ത്രി തുടരന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാകും കേസില്‍ തുടരന്വേഷണം നടത്തുക.
നിതിന്റേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും പിതാവ് രാജന്‍ പറഞ്ഞു. നിതിനെ കൊലപ്പെടുത്തി കൊണ്ടിട്ടതാണ്. കേസിലെ മുഴുവന്‍ പ്രതികളെയും കണ്ടെത്തണമെന്നും നിതിന്റെ പിതാവ് പറഞ്ഞു. കേസിലെ മുഖ്യപ്രതി റാമിന്റെ അറസ്റ്റിലും പിതാവ് പ്രതികരിച്ചു. അറസ്റ്റ് ആശ്വാസകരമായ കാര്യമാണെന്നും സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും നിതിന്റെ പിതാവ് പറഞ്ഞു. മകന്റെ നഷ്ടം നികത്താന്‍ സാധിക്കില്ല. ഡോ. റാമിന് ഡോക്ടറായിരിക്കാന്‍ ഒരു അവകാശവുമില്ല. കേസിലെ രണ്ടാമത്തെ പ്രതിയായ സംഗീതയ്ക്കെതിരെ നടപടിയെടുക്കണം. കുറ്റക്കാരായ മറ്റ് അധ്യാപകര്‍ക്കെതിരെയും നടപടി വേണമെന്നും പിതാവ് പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ കാണാന്‍ എത്തിയപ്പോഴായിരുന്നു നിതിന്റെ പിതാവിന്റെ പ്രതികരണം.
