ഡല്‍ഹി: സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ വീണ ടിക്ക് എതിരായ ഇഡി നടപടിയില്‍ പ്രതികരണവുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. വിഷയം ആഭ്യന്തര വകുപ്പിന് മുന്‍പാകെ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. വീണാ ടി ഉപയോഗിച്ച സിം ഡെസ്റ്റിനേഷന്‍ ടൂറിസം മാനേജര്‍ നന്ദുലാലിന്റെ പേരിലെന്ന് ഇഡി. സിം എന്തിന് ഉപയോഗിച്ച് എന്നതില്‍ വിശദമായ അന്വേഷണം നടത്തും. എന്തിനാണ് ഉപയോഗിച്ചത് എന്ന് അറിയില്ലെന്നാണ് നന്ദുലാലിന്റെ മൊഴി. തന്നോട് സിം എടുത്ത് നല്‍കാന്‍ പറഞ്ഞെന്നും എടുത്തു നല്‍കി എന്നതുമാണ് മൊഴി. അനധികൃത ഇടപാടുകള്‍ക്ക് വേണ്ടി ഇന്റര്‍നെറ്റ് കോള്‍ നടത്തിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അതിന് വേണ്ടിയാണോ ഈ സിം ഉപയോഗിച്ചിരുന്നത് എന്നതില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. 2024 മുതലാണ് സിം ഉപയോഗിച്ചിരുന്നത്. ഔദ്യോഗികമായി തന്നെ ഇഡി ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും അന്വേഷണം നടത്താനാണ് നീക്കം. റെയ്ഡില്‍ ഉള്‍പ്പെട്ട ആളുകളെ അടുത്തയാഴ്ച മുതല്‍ ചോദ്യം ചെയ്ത് തുടങ്ങും. വീണയേയും വീണ്ടും ചോദ്യം ചെയ്യും.

അതിനിടെ, ലഹരിയുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ നേതാക്കളെ പിടികൂടിയതിലും അദ്ദേഹം പ്രതികരിച്ചു. ഓപ്പറേഷന്‍ തൂഫാന് ഒരു രാഷ്ട്രീയവുമില്ല. ഡിവൈഎഫ്‌ഐ ആണെങ്കിലും യൂത്ത് കോണ്‍ഗ്രസ് ആണെങ്കിലും യൂത്ത് ലീഗ് ആണെങ്കിലും എല്ലാവര്‍ക്കും ഒരുപോലെയാണ്. ഇതില്‍ രാഷ്ട്രീയമില്ല. എന്നോട് അടുപ്പമുള്ളവരാണെങ്കിലും പോലും ഒരേ രീതിയിലുള്ള ട്രീറ്റ്‌മെന്റേ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകൂ. ആരുടെ ഇടപെടലും ശിപാര്‍ശയും ഇതില്‍ അംഗീകരിക്കില്ല. തൂഫാന്‍ നിഷ്പക്ഷമായി പ്രവര്‍ത്തിക്കുകയാണ്. ഒരു തലമുറയെ രക്ഷിക്കാനുള്ള നീക്കമാണ് കേരള ഗവണ്‍മെന്റ് നടത്തുന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിട്ട് 76ാം ദിവസമാണ്. ഈ ദിവസങ്ങള്‍ കൊണ്ട് വലിയ മാറ്റം ഉണ്ടാക്കാന്‍ സാധിച്ചു. ജനങ്ങള്‍ കാണമാണിത്. ഇന്ത്യ കണ്ട ഏറ്റവും വലിയ നര്‍ക്കോ ഹണ്ടാണിത് – അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *