കൽപ്പറ്റ: വയനാട്ടിൽ സന്ദർശനം നടത്തുന്ന പ്രിയങ്ക ഗാന്ധി എം പി യുടെ പരിപാടി റിപ്പോർട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ എം പി യുടെ സംഘത്തിലുള്ള ഫോട്ടോ ഗ്രാഫർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു. ചുണ്ടേലിലെ കാപ്പി ഗവേഷണ കേന്ദ്രത്തിൽ പ്രിയങ്കാ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ വയനാട് വിഷൻ റിപ്പോർട്ടർ ഷിബു സി.വി.യെയാണ് ഫോട്ടോ ഗ്രാഫർ കയ്യേറ്റം ചെയ്തത്.
എം.പിമാർക്കൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫർ റാഫി കൊല്ലം എന്നയാൾ തടയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും 27,000 രൂപ മൊബൈൽ ഫോൺ തട്ടി താഴെ ഇടുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്ന് കാണിച്ചു ഷിബു പോലീസ് മേധാവിക്ക് പരാതി നൽകി. എംപിമാരുടെ സന്ദർശനത്തിന് മാധ്യമങ്ങൾക്ക് പ്രവേശനം പോലീസ് പരിമിതിപെടുത്തിയിരുന്നു എന്നാൽ പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും അനുമതി എടുത്താണ് താൻ അവിടെ എത്തിയതെന്ന് ഷിബു വ്യക്തമാക്കി. തനിക്ക് മാത്രമാണ് വീഡിയോ എടുക്കാൻ അനുമതിയുള്ളു എന്ന് പറഞ്ഞാണ് റാഫി കൈയ്യേറ്റം ചെയ്തതെന്നും ഷിബു ആരോപിക്കുന്നു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് ഓൺ ലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു .
