തിരുവനന്തപുരം: പരിവാഹന്‍ സൈറ്റ് തകരാറിലായതിന് പിന്നാലെ കേരള അതിര്‍ത്തിയില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നെന്ന വാര്‍ത്തയില്‍ ഇടപെട്ട് ഗതാഗത മന്ത്രി. പരിവാഹൻ തകരാറിലായതില്‍ കേന്ദ്ര ഗതാഗത മന്ത്രിയെ കണ്ടിരുന്നെന്ന് മന്ത്രി സി പി ജോണ്‍ വ്യക്തമാക്കി.
ജൂണ്‍ മാസത്തില്‍ ആയിരുന്നു കൂടിക്കാഴ്ച. ആഴ്ചകള്‍ കൊണ്ട് ശരിയാക്കാം എന്ന് ഉറപ്പ് ലഭിച്ചതാണെന്നും എന്നാല്‍ പരിഹാരം കാണാത്ത സാഹചര്യത്തില്‍ വീണ്ടും കേന്ദ്രത്തെ ബന്ധപ്പെടുമെന്നും മന്ത്രി ഉറപ്പ് നല്‍കി. സ്‌പെഷ്യല്‍ പെര്‍മിറ്റ് കടലാസില്‍ നടന്നിരുന്ന കാര്യമാണെന്നും കേന്ദ്രസര്‍ക്കാരാണ് ഇവ കേന്ദ്രീകരിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് പറഞ്ഞ അദ്ദേഹം തകരാറ് കേന്ദ്രസര്‍ക്കാരിന്റെ കുഴപ്പമാണെന്നും വിമര്‍ശിച്ചു. കേന്ദ്ര ഗതാഗത മന്ത്രിയുമായി ഇന്നുതന്നെ ഫോണില്‍ ചര്‍ച്ച നടത്തുമെന്നും ഗൗരവമുള്ള വിഷയമാണ് ഇതെന്നും സി പി ജോണ്‍ പറഞ്ഞു.
