കൊച്ചി: ഫുട്ബോൾ ആവേശത്തിന് പുതിയ തിളക്കം നൽകിക്കൊണ്ട് സൂപ്പർ ലീഗ് കേരള സീസൺ 3-ന്റെ ഔദ്യോഗിക ടിക്കറ്റ് വിൽപ്പന ഞായറാഴ്ച ആരംഭിച്ചു. ചടങ്ങിൽ പുതിയ സീസണിന്റെ പ്രഥമ ടിക്കറ്റ് ബഹു. കേരള മുഖ്യമന്ത്രി വി.ഡി. സതീശന്, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, സൂപ്പർ ലീഗ് കേരള മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ, ഡയറക്ടറും സി.ഇ.ഒയുമായ മാത്യു ജോസഫ് എന്നിവർ ചേർന്ന് കൈമാറി.
സൂപ്പർ ലീഗ് കേരള സീസൺ 3 സെപ്റ്റംബർ 25-ന് ആവേശകരമായ മത്സരത്തോടെ ആരംഭിക്കും. കണ്ണൂരിന്റെ തട്ടകമായ കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ വാരിയേഴ്സ് എഫ്.സി, കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ തൃശൂർ മാജിക് എഫ്.സിയെ നേരിടും.
ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാണ്
ഫുട്ബോൾ ആരാധകർക്കായി സൂപ്പർ ലീഗ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ (superleaguekerala.com/tickets) ടിക്കറ്റ് വിൽപ്പന ഔദ്യോഗികമായി ആരംഭിച്ചു. ആദ്യഘട്ടത്തിൽ സീസണിലെ ആദ്യ നാല് മത്സരങ്ങൾക്കുള്ള ടിക്കറ്റുകളാണ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. കൂടാതെ, ആരാധകർക്ക് തങ്ങൾക്കിഷ്ടപ്പെട്ട ക്ലബ്ബിന്റെ എല്ലാ ഹോം മത്സരങ്ങൾക്കും പ്രവേശനം നൽകുന്ന സീസൺ പാസുകളും ചടങ്ങിൽ അവതരിപ്പിച്ചു.
സൂപ്പർ ലീഗ് കേരള സീസൺ 3 യുടെ ആദ്യ ടിക്കറ്റ് ബഹു. മുഖ്യമന്ത്രി വി.ഡി. സതീശന് നൽകി തുടങ്ങാൻ സാധിച്ചതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. കേരളത്തിലെ എല്ലാ കാൽപന്ത് ആരാധകർക്കും മികച്ച ഓർമ്മകൾ സമ്മാനിക്കുന്ന ഒരു സീസണായ്, സൂപ്പർ ലീഗ് കേരള സീസൺ 3 മാറുമെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു, അതിനായുള്ള എല്ലാ ഒരുക്കങ്ങളും ഞങ്ങൾ ആരംഭിച്ച് കഴിഞ്ഞു” സൂപ്പർ ലീഗ് കേരള എം. ഡി, ഫിറോസ് മീരാൻ പറഞ്ഞു.
ഉദ്ഘാടന മത്സരങ്ങൾക്കായി ഒരുക്കങ്ങൾ പൂർത്തിയായി വരുന്ന സാഹചര്യത്തിൽ, ഫുട്ബോൾ ആവേശവും വിനോദവും നേരിട്ട് ആസ്വദിക്കാൻ ആരാധകർ എത്രയും പെട്ടെന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും മത്സരക്രമങ്ങൾക്കും ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുമായി superleaguekerala.com/tickets എന്ന ലിങ്കിൽ സന്ദർശിക്കുക.
