ഫെയ്‌സ്ബുക്ക് ബ്രാന്‍ഡ് നെയിം മാറ്റാന്‍ പദ്ധതിയിടുന്നതായി റിപ്പോർട്ട്.അടുത്ത ആഴ്ചയോടെ കമ്പനി പുതിയ പേര് സ്വീകരിക്കുമെന്നാണ് വിവരം.
ഇന്റര്‍നെറ്റിന്റെ ഭാവി എന്ന് ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗ് വിശേഷിപ്പിച്ച ‘മെറ്റാവേഴ്സ്’ പദ്ധതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പേരില്‍ കമ്പനി റീബ്രാന്‍ഡിങ്ങിനൊരുങ്ങുന്നത്. ‘ദി വെര്‍ജ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫെയ്‌സ്ബുക്ക് പ്ലാറ്റ്‌ഫോം നിലവിലുള്ളത് പോലെ തുടരുന്നതിനാല്‍ പേര് മാറ്റം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ല. നിലവിലുള്ള വിവാദങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്റെ ഭാഗമായി സോഷ്യല്‍മീഡിയ ലേബല്‍ ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.
ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനുമൊക്കെ സാധിക്കുന്ന ‘ഷെയേര്‍ഡ് വെര്‍ച്വല്‍ സ്പേസ്’ ആണ് മെറ്റാവേഴ്സ്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകള്‍ക്ക് ആക്‌സസ് ചെയ്യാനാവും.
ഓരോരുത്തര്‍ക്കും വെര്‍ച്വല്‍ രൂപമുണ്ടാവും. പരസ്പരം കാണാനും സംസാരിക്കാനും സാധിക്കും. അഞ്ച് കോടി ഡോളറാണ് മെറ്റാവേഴ്സ് നിര്‍മിക്കുന്നതിനായി ഫേസ്ബുക്ക് നിക്ഷേപിച്ചിരിക്കുന്നത്.കമ്പനിയുടെ പേര് മാറ്റുന്ന കാര്യം സുക്കര്‍ബര്‍ഗ്, ഒക്ടോബര്‍ 28ന് നടക്കുന്ന വാര്‍ഷിക കണക്ട് കോണ്‍ഫറന്‍സില്‍ സംസാരിക്കുമെന്നാണ് വിവരം. എന്നാല്‍, ഇതേക്കുറിച്ച് ഫേസ്ബുക്ക് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.