മരണത്തിൽ പരാതി; തോട്ടുമുക്കത്ത് മരിച്ച യുവാവിന്റെ മൃതദേഹം കല്ലറയിൽ നിന്നും പുറത്തെടുത്തു

0

യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിക്ക് പിന്നാലെ പോസ്റ്റ്‌മോർട്ടം നടത്താനായി മൃതദേഹം കല്ലറയിൽനിന്ന് പുറത്തെടുത്തു. തോട്ടുമുക്കം പനംപ്ലാവിൽ പുളിക്കയിൽ തോമസ്(36) എന്ന തൊമ്മന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാവിലെ പനംപ്ലാവ് സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിലെ കല്ലറയിൽനിന്ന് പുറത്തെടുത്തത്.
അരീക്കോട് പോലീസ് ഇൻസ്‌പെക്ടർ അബ്ബാസലി, പോലീസ് സർജൻ പി.പി. അജേഷ് എന്നിവരുടെ നേതൃത്വത്തിൽ ഏറനാട് തഹസിൽദാർ ഹാരിസ് കപൂറിന്റെ സാന്നിധ്യത്തിലായിരുന്നു നടപടികൾ. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. നവംബർ നാലിനാണ് ടിപ്പർ ലോറി ഡ്രൈവറായ തോമസ് മരിച്ചത്. സ്വാഭാവിക മരണമെന്ന നിലയിൽ പനംപ്ലാവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാൽ, തോമസും സുഹൃത്തുക്കളുമായി സംഘർഷമുണ്ടായിരുന്നതായും തോമസിന് കാര്യമായ പരിക്കേറ്റിരുന്നതായും നാട്ടുകാർ കുടുംബത്തെ അറിയിച്ചത് സംസ്‌കാരത്തിന് ശേഷമാണ്. തുടർന്ന് പിതാവ് അരീക്കോട് പോലീസിൽ പരാതി നൽകുകയും പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയുമായിരുന്നു. കേസിൽ തുടർനടപടികളുടെ ഭാഗമായാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്യാൻ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here