പട്‌ന: ലഖിസരായിലെ പഞ്ചാബി മൊഹല്ലയിൽ വിവാഹം എതിർത്തതിന് ഒരു കുടുംബത്തിലെ രണ്ടുപേരെ വെടിവെച്ചു കൊന്നു. സഹോദരന്മാരായ ചന്ദൻ ഝാ, രാജ്‌നന്ദൻ കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ബിഹാറിൽ ഛഠ് പൂജ കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന് നേരെ ആശിഷ് ചൗധരി എന്ന ആളാണ് വെടിയുതിർത്തത് എന്ന് പോലീസ് സ്ഥിരീകരിച്ചു . അക്രമത്തിൽ രണ്ടു സ്ത്രീകളടക്കം നാലുപേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. ആശിഷ് ചൗധരി കൊല്ലപ്പെട്ടവരുടെ കുടുംബത്തിൽപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ, പെൺകുട്ടിയുടെ കുടുംബം ഇതിനെ എതിർത്തു. ഇതിലുള്ള അരിശം തീർക്കാൻ കുടുംബത്തിനു നേരെ വെടിയുതിർക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.ഛഠ് ആഘോഷം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു ഏഴ് പേരടങ്ങുന്ന കുടുംബം. ഇവർ മടങ്ങിയെത്തുന്നതും കാത്ത് വീടിനു മുന്നിൽ ആശിഷ് ചൗധരി നിലയുറപ്പിച്ചു. ഇവർ വീടിനടുത്തെത്തിയ ഉടനെ ആശിഷ് വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റവരിൽ ആശിഷ് വിവാഹം കഴിക്കാനാഗ്രഹിച്ച പെൺകുട്ടിയുമുണ്ട്. ലവ്‌ലി കുമാരി, പ്രീതി കുമാർ, ദുർഗ കുമാർ എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ.
Home National