തിരുവനന്തപുരം: നിയമന നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് സർക്കാരിനെതിരെ സമരം കൂടുതൽ ശക്തമാക്കാൻ എൽപിഎസ്ടി ഉദ്യോഗാർഥികൾ തീരുമാനിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി നിരാഹാര സമരം അനുഷ്ഠിക്കുന്ന സമരസമിതി നേതാവ് ജയകൃഷ്ണൻ തല മുണ്ഡനം ചെയ്യും. നേരത്തെ സമരസമിതി സെക്രട്ടറി വളർമതിയും തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു.
സർക്കാർ വീണ്ടും ചർച്ചയ്ക്ക് വിളിച്ചത് സമരം നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണെന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം. വിഷയത്തിൽ മുഖ്യമന്ത്രി നേരത്തെ എടുത്ത നിലപാടിൽ നിന്ന് പിന്നോട്ട് പോയതായി ഉദ്യോഗാർഥികൾ ആരോപിക്കുന്നു. മുഖ്യമന്ത്രി മുൻകൈയെടുത്ത് നടത്തിയ ചർച്ചയിൽ, അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാനുള്ള നിർദേശത്തെ ധനവകുപ്പ് എതിർത്തുവെന്നാണ് സമരക്കാർ ചൂണ്ടിക്കാട്ടുന്നത്. യാതൊരു മുന്നൊരുക്കവുമില്ലാതെയാണ് സർക്കാർ നേരത്തെ ചർച്ചയ്ക്കെത്തിയതെന്നും തീരുമാനം മനഃപൂർവം വൈകിപ്പിക്കുകയാണെന്നും ഉദ്യോഗാർഥികൾ കുറ്റപ്പെടുത്തുന്നു.
