ശ്രീനിവാസന് മലയാളത്തിന്റെ ആദരാഞ്ജലി. പ്രിയ സുഹൃത്തിന് വിടചൊല്ലാൻ മമ്മൂട്ടിയും മോഹൻലാലുമെത്തി. പൊതുദർശനം നടക്കുന്ന ടൗൺഹാളിൽ മഹാനടനെ അവസാനമായി കാണാൻ സഹപ്രവർത്തകരുടെയും ആരാധകരുടെയും ഒഴുക്കാണ്. നടൻ ദിലീപ്, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങി മലയാള സിനിമാമേഖലയിലെ ഒട്ടുമിക്ക താരങ്ങളും ടൗൺഹാളിൽ താരത്തെ അവസാന നോക്കുകാണാനെത്തി.

ശ്രീനിവാസൻ്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലിലാണ് സിനിമാലോകം. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടനാടുള്ള വീട്ടിൽ നിന്ന് ടൗൺഹാളിലെത്തിച്ചത്. മൂന്നുമണിവരെയാണ് പൊതുദർശന സമയം നിശ്ചയിച്ചിട്ടുള്ളത്.

ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ രാവിലെ 10ന് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടത്തും. ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ഡയാലിസിസിനായി രാവിലെ കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *