കേന്ദ്രസര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്ത പ്രൊജക്ടിലെ പാര്‍ലമെന്റ് മന്ദിരത്തിനായി 282 കോടി രൂപ കൂടി അധികം ചിലവിനത്തിൽ വേണ്ടി വരും. 20,000 കോടി രൂപ ചെലവിലാണ് കേന്ദ്രസര്‍ക്കാര്‍ സെന്‍ട്രല്‍ വിസ്ത പദ്ധതി പൂര്‍ത്തിയാക്കുന്നത്. ഇതിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മാത്രമായി നീക്കിവെച്ചിട്ടുള്ളത് 971 കോടി രൂപയാണ്. ഇതിലാണ് ഇപ്പോള്‍ വര്‍ധനവുണ്ടായിരിക്കുന്നത്.

സ്റ്റീലിനും, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കും വില കൂടിയതാണ് പദ്ധതിക്കായി ചെലവഴിക്കുന്ന തുകയില്‍ വര്‍ധനവുണ്ടാക്കിയതെന്ന് കേന്ദ്രപൊതുമരാമത്ത് വകുപ്പ് അറിയിച്ചു. 2020 ഡിസംബറിലായിരുന്നു പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് നടന്നത്. പാര്‍ലമെന്റ് മന്ദിരത്തിന്റെ 40 ശതമാനം പണി ടാറ്റ പ്രോജക്ട് പൂര്‍ത്തിയാക്കിയിട്ടുണ്ട്.ആധുനിക സജ്ജീകരണത്തോടെ ഒരുങ്ങുന്ന പാര്‍ലമെന്റ് മന്ദിരത്തില്‍ ഇരുസഭകളിലേയും എം.പിമാരുടെ സീറ്റിനു മുന്നില്‍ ടാബ്‌ലെറ്റുകള്‍ ഉണ്ടായിരിക്കും. ഉന്നതനിലവാരത്തിലുള്ള സാങ്കേതിക ഉപകരണങ്ങള്‍ മീറ്റിംഗ് റൂമുകളിലും മന്ത്രിമാരുടെ ചേംബറുകളിലും ഉണ്ടാവും.
13 ഏക്കറിലായി സ്ഥിതിചെയ്യുന്ന നാലുനില മന്ദിരത്തിന്റെ നിര്‍മാണം ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തിന് മുമ്പ് പൂര്‍ത്തിയാക്കാനായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സമയപരിധി പിന്നീട് ഒക്ടോബറിലേക്ക് നീട്ടി.

ബ്രിട്ടീഷുകാരുടെ കാലത്ത് പണി കഴിപ്പിച്ച പാര്‍ലമെന്റ് മന്ദിരത്തിലെ ആധുനിക സൗകര്യങ്ങളുടെ കുറവ് പരിഗണിച്ചാണ് പുതിയ കെട്ടിട സമുച്ചയത്തിന് രൂപകല്പന നല്‍കിയത് എന്നാണ് സര്‍ക്കാര്‍ വാദം.നിലവിലെ പാര്‍ലമെന്റ് മന്ദിരം ഇടുങ്ങിയതാണെന്നും ഇരുസഭകളിലേയും സീറ്റിംഗ് കപ്പാസിറ്റി കവിഞ്ഞുവെന്നും പല എം.പിമാരും ചൂണ്ടിക്കാട്ടിയിരുന്നു. നിലവിലെ കെട്ടിടത്തിന് ഭൂചലനത്തെ അതിജീവിക്കാനുള്ള ശേഷി ഇല്ലെന്നും അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *