യുക്രൈൻ അധിനിവേശത്തിന് തയ്യാറായി റഷ്യ അതിർത്തിയിൽ സൈനികാഭ്യാസം തുടരുന്നു . റഷ്യയുടെ കൂടുതൽ സൈനികർ യുക്രൈൻ അതിർത്തിയോട് അടുക്കുന്നതായി സിബിഎസിന്റെ “ഫേസ് ദ നേഷൻ” എന്ന പരിപാടിയിൽ സ്റ്റോൾട്ടൻബെർഗാണ് മുന്നറിയിപ്പ് നൽകിയത്. 1945-ന് ശേഷമുള്ള ഏറ്റവും വലിയ യുദ്ധസന്നാഹമാണ് റഷ്യ ഒരുക്കിയിരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രതികരിച്ചു. സംഘര്‍ഷമൊഴിവാക്കാന്‍ അവസാനവട്ട ശ്രമമെന്ന നിലയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമർ പുടിനുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ചർച്ച നടത്തി.

105 മിനിറ്റ് നീണ്ടുനിന്ന ഫോണ്‍ സംഭാഷണത്തില്‍ യുക്രൈനില്‍ വെടിനിര്‍ത്തലിനായി പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ ചര്‍ച്ചയില്‍ ധാരണയായതായാണ് മാക്രോണിന്റെ ഓഫീസ് ഞായറാഴ്ച അറിയിച്ചത്. നിലവിലുള്ള പ്രതിസന്ധിക്ക് നയതന്ത്രപരമായ പരിഹാരം കാണാന്‍ ധാരണയായെന്നാണ് വിവരം. എങ്കിലും ചര്‍ച്ച എത്രത്തോളം വിജയകരമായിരുന്നുവെന്ന് വരുംദിവസങ്ങളില്‍ മാത്രമേ വ്യക്തമാവുകയുള്ളു.

അതേസമയം റഷ്യ ഏത് നിമിഷവും യുക്രെയ്ന്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ആവർത്തിക്കുകയാണ് അമേരിക്ക. ബെലാറൂസില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ച റഷ്യന്‍ നടപടി ചൂണ്ടിക്കാണിച്ചായിരുന്നു യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവന.

യുക്രൈനിൽ നിന്ന് അത്യാവശ്യക്കാരല്ലാത്ത ഇന്ത്യക്കാർ രാജ്യത്തേക്ക് തിരിച്ചുപോകണമെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി നി‌ർദേശം നൽകിയിരുന്നു. യുക്രൈനിൽ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലാണ് എംബസിയുടെ പുതിയ നി‌ർദേശം. വിമാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എംബസിയെ സമീപിക്കാമെന്ന് വിദ്യാർഥികളടക്കമുള്ളവർക്ക് നൽകിയ നിർദേശത്തിൽ പറയുന്നു. യുദ്ധഭീഷണി തുടരുന്ന സാഹചര്യത്തിലാണ് എംബസി പുതിയ നിർദേശം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *