കുന്ദമംഗലം : പൊലീസ് സ്റ്റേഷനില്‍ ആവശ്യത്തിന് വാഹനമില്ലാതെ കഷ്ടപ്പെടുകയാണ് കുന്ദമംഗലംമാതൃക പൊലീസ് സ്റ്റേഷന്‍. സൗകര്യങ്ങള്‍ കൊണ്ട് കേരളത്തിലെ മികച്ച മൂന്നാമത്തെ പോലീസ് സ്റ്റേഷനാണ് കുന്ദമംഗലം പോലീസ് സ്റ്റേഷന്‍. മനോഹരമായ കെട്ടിടവും സംവിധാനങ്ങളുമാണ് ഈ പോലീസ് സ്റ്റേഷനില്‍ നിലവിലുള്ളത്.അവിടെയാണ് പൊലീസുകാര്‍ വാഹനമില്ലാതെ പെടാപ്പാട് പെടുന്നത്. നേരത്തെ മൂന്ന് വാഹനം ഉണ്ടായിരുന്നത് കഴിഞ്ഞ ജനുവരി മുതല്‍ ഒരു വാഹനം മാത്രമാവുകയായിരുന്നു. ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ പരിധിയുള്ള വലിയ പോലീസ് സ്റ്റേഷന്‍ ആണിത്. നാല് പഞ്ചായത്തുകള്‍ അടങ്ങുന്നതാണ് പൊലീസ് സ്റ്റേഷന്‍ പരിധി. കുന്ദമംഗലം, ചാത്തമംഗലം, മടവൂര്‍, പെരുവയല്‍ എന്നീ പഞ്ചായത്തുകളും ഒളവണ്ണ പഞ്ചായത്തിലെ ഒരു ചെറിയ ഭാഗവുമാണ് കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ടത്. നിലവില്‍ പ്രതികളെ പിടിക്കാനും കോടതിയില്‍ ഹാജരാക്കാനും കസ്റ്റഡിയില്‍ വാങ്ങാനും തെളിവെടുപ്പിന് കൊണ്ടുപോകാനും പട്രോളിങിന് പോകാനും വാഹനം ആവശ്യമുള്ളപ്പോള്‍ തന്നെ മറുവശത്ത് ഇലക്ഷന്‍ ഡ്യൂട്ടിക്കും ബൂത്ത് വിസിറ്റിനും തെരെഞ്ഞെടുപ്പ് മീറ്റിങ്ങില്‍ പങ്കെടുക്കാനും വാഹനം ആവശ്യമായി വരുന്നു. ജാമ്യമില്ല വാറണ്ട് ഉള്ളവരെ പിടിക്കാനും കോടതിയില്‍ ഹാജരാക്കാനും എല്ലാം വാഹനം ആവശ്യമാണ്. കഴിഞ്ഞ ദിവസം ആനപ്പാറ കുടുംബരോഗ്യ കേന്ദ്രത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആശ വര്‍ക്കറെ ആക്രമിച്ച പ്രതിയെ വാഹനം ഇല്ലാത്തത്‌കൊണ്ട് കൊണ്ടുവന്നത് കട്രോള്‍ റൂം വെഹിക്കിളിലാണ്. കുന്ദമംഗലം സ്റ്റേഷന്‍ പരിധിയിലാണ് എന്‍.ഐ.ടി, ഐ.ഐ.എം,കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മര്‍ക്കസ് ഉള്‍പ്പടെയുള്ള നിരവധിവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഉണ്ട്. എന്‍.ഐ.ടിയില്‍ കഴിഞ്ഞ കാലങ്ങളില്‍ വിദ്യാര്‍ഥി പ്രക്ഷോഭവും മറ്റ് സമരങ്ങളും ഉണ്ടായിരുന്നു. ഏത് നിമിഷവും ഇതുപോലെയുള്ള സ്ഥലങ്ങളിലേക്ക് പോകേണ്ടി വന്നാല്‍ വാഹനം ഇല്ലാത്ത അവസ്ഥയാണ് പൊലീസിന്.ഗതാഗത തിരക്കു മൂലം ഏറെ പ്രയാസപ്പെടുന്നകുന്ദമംഗലം കാരന്തൂ തുടങ്ങിഹൈവേകളില്‍വാഹനാപകടങ്ങള്‍ ഉണ്ടാവുമ്പോഴും, പലപ്പോഴും പ്രതികളെ പിടിക്കാനും മറ്റ് സ്റ്റേഷന്‍ ഡ്യുട്ടികള്‍ക്കും സ്വന്തം വാഹനം ഉപയോഗിക്കേണ്ട അവസ്ഥയാണ് പൊലീസുകാര്‍ക്ക്. പൊലീസ് സ്റ്റേഷന്‍ ആവശ്യത്തിന് സ്വന്തം വാഹനം ഉപയോഗിച്ച സ്റ്റേഷനിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് 15000 രൂപയോളം ചെലവാക്കേണ്ടി വന്നു വാഹനം പഴയ നിലയില്‍ ആക്കാന്‍. കഴിഞ്ഞ ആഴ്ചകളില്‍ നിരവധി മോഷണക്കേസുകളും പോക്‌സോ കേസുകള്‍ സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പലതിന്റെയും അന്വേഷണ ആവശ്യങ്ങള്‍ക്ക് പോകാനും വാഹനമില്ല.

കഴിഞ്ഞ ജനുവരിയില്‍ ആണ് മറ്റ് രണ്ട് വാഹനങ്ങള്‍ കാലാവധി കഴിഞ്ഞതിന് ശേഷം സ്റ്റേഷനില്‍ നിന്ന് തിരിച്ചയച്ചത്. പകരം വാഹനങ്ങള്‍ നല്‍കാന്‍ വേണ്ടി പല തവണ ഉന്നതങ്ങളില്‍ കത്തയച്ചിട്ടും നേരിട്ടറിയിച്ചിട്ടും ഫലമുണ്ടായില്ലെന്ന് പൊലീസുകാര്‍ പറയുന്നു. ഒരു സി.ഐ, മൂന്ന് എസ്.ഐമാര്‍, മറ്റ് പൊലീസുകാര്‍ 43 ഉള്‍പ്പെടെ 47 പൊലീസുകാര്‍ ഉണ്ട് കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍. ജനത്തിരക്കേറിയ കുന്ദമംഗലം പോലെയുള്ള അങ്ങാടികളില്‍ ഗതാഗതകുരുക്കോ അപകടങ്ങളോ നടന്നാല്‍ ഓടിയെത്താന്‍ പലപ്പോഴും പൊലീസ് ജീപ്പ് ഇല്ലാത്തതിനാല്‍ പൊലീസുകാര്‍ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ ആഴ്ചയാണ് ബൈക്ക് മോഷ്ടവിനെ മലപ്പുറം പുളിക്കലില്‍ നിന്ന് കുന്ദമംഗലം പൊലീസ് പിടികൂടിയത്. ബസിലെ യാത്രക്കാരുടെ പോക്കറ്റടിച്ച രണ്ടു പേരെയും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇതുപോലെ നിരവധി കേസുകളില്‍ അന്വേഷണം നടത്താനും പൊതുജനത്തിന്റെ അത്യാവശ്യ കാര്യങ്ങള്‍ക്കും പൊലീസിന്റെ സേവനം വേണ്ടതാണ്. എന്നാല്‍ വാഹനം ഇല്ലാത്തത് പോലീസിനെ കുറച്ചൊന്നുമല്ല ദുരിതത്തിലാക്കുന്നത്. ലോക്സഭ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ സംഘര്‍ഷമോ മറ്റോ ഉണ്ടായാലും പൊലീസ് വളരെ കഷ്ടപെടും. പഴയ സ്റ്റേഷനില്‍ നിന്ന് മാറി 2021ലാണ് ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള ഏറ്റവും മികച്ച സ്റ്റേഷനിലേക്ക് മാറിയത്. സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുകളില്‍ മൂന്നാം സ്ഥാനത്ത് തെരെഞ്ഞെടുക്കപ്പെട്ട മാതൃക സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കാണ് ആവശ്യത്തിന് വാഹനമില്ലാതെ ഇപ്പോള്‍ ഈ ഗതി വന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടക്കം ഏറ്റവും തിരക്കേറിയ സമയത്ത് ആവശ്യത്തിന് വാഹനം അനുവദിക്കണമെന്നാണ് പൊലീസുകാരുടെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *