
അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിനായി സർക്കാർ ആവിഷ്കരിച്ച ‘അതിഥി പോർട്ടലിൽ ’ ഒരുവർഷത്തിനിടെ രജിസ്റ്റർ ചെയ്തവരുടെ എണ്ണത്തിൽ നാലിരട്ടിയോളം വർദ്ധന. ജില്ലയിൽ 22,145 പേരാണ് ഇതിനകം രജിസ്റ്റർ ചെയ്തത്. രജിസ്ട്രേഷൻ എളുപ്പമാക്കാനായി ആരംഭിച്ച ‘അതിഥി മൊബൈൽ ആപ്പിലൂടെയാണ് ഭൂരിഭാഗം രജിസ്ട്രേഷനും നടന്നത്. കഴിഞ്ഞ വർഷം 6045 പേരായിരുന്നു രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. കേരളത്തിലെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളെ തൊഴിൽ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിപ്പിച്ച് സമ്പൂർണ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി സംസ്ഥാന സർക്കാർ 2023ലാണ് അതിഥി പോർട്ടൽ രൂപകൽപ്പന ചെയ്തത്. ഇതിനായി മൊബെെൽ ആപ്പ് വികസിപ്പിച്ചത് കഴിഞ്ഞ വർഷമാണ്.രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് ആധാർ അധിഷ്ഠിതമായ ‘അതിഥി കാർഡ്’ ലഭിക്കും. പേര്, ഫോട്ടോ, സ്വന്തം നാട്ടിലെ വിലാസം, കേരളത്തിലെ വിലാസം, അനുവദിച്ച തീയതി തുടങ്ങിയ വിവരങ്ങളാണ് കാർഡിൽ രേഖപ്പെടുത്തുക. മൊബൈലിൽ ആപ്പിലൂടെ തൊഴിലാളികൾക്ക് നേരിട്ട് രജിസ്ട്രേഷൻ നടത്താം. ഫെസിലിറ്റേഷൻ സെന്ററുകൾ, ലേബർ ക്യാമ്പുകൾ, നിർമാണ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ അസി. ലേബർ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള സംഘമെത്തി മൊബൈൽ ആപ്പിലൂടെ രജിസ്ട്രേഷൻ നടപടി നടത്തുന്നുണ്ട്. ഒപ്പം തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് പ്രത്യേകം ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെത്തുന്ന ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ സൂക്ഷിക്കാനും ആവശ്യമെങ്കിൽ ബന്ധപ്പെടാനും ഇതുവഴി സാധിക്കും.