ചെങ്ങന്നൂർ: വയോധികന്റെ മരണത്തിൽ കൂടത്തായി മാതൃകയിലെ ദുരൂഹതയെന്ന ആരോപണം ഉയരുന്നു. ചെങ്ങന്നൂർ പുലിയൂരിൽ യേശുദാസ് ആണ് മരിച്ചത്. 74 വയസായിരുന്നു. ഹോം നഴ്സ് നൽകിയ കേക്ക് കഴിച്ചതിന് പിന്നാലെ ബോധരഹിതനായി മരിച്ചതായിട്ടാണ് ആരോപണം. സ്വത്ത് തട്ടിയെടുക്കാൻ സഹോദരനും നഴ്സും ചേർന്ന് നീക്കം നടത്തിയതായിട്ടാണ് മരുമകൾ പരാതിപ്പെട്ടത്. പോസ്റ്റ്മോർട്ടം കൂടാതെ വേഗത്തിൽ സംസ്കാരം നടത്തിയതും സംശയം ശക്തമാക്കി.

സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉത്തരവിനെ തുടർന്ന് ഇന്ന് പുലിയൂർ പള്ളി സെമിത്തേരിയിൽ നിന്ന് മൃതദേഹം പുറത്തെടുത്തു. എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ ചെങ്ങന്നൂർ തഹസിൽദാരുടെയും രണ്ട് പോലീസ് സർജന്മാരുടെയും സാന്നിധ്യത്തിൽ ആയിരുന്നു നടപടികൾ പൂർത്തീകരിച്ചത്. മൃതദേഹം പുറത്തെടുക്കുന്ന നടപടികൾ പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും പോലീസ് ഒരുക്കിയിരുന്നു.

ഇക്കഴിഞ്ഞ മാർച്ച് 24നാണ് പുലിയൂർ ഓർത്തഡോക്സ് പള്ളിയിൽ യേശുദാസിന്റെ സംസ്കാരം നടന്നത്. പിന്നാലെ മരണത്തിൽ ദുരൂഹത ആരോപിച്ച് മകൾ ബിൻസിയും മരുമകളും പരാതി നൽകുകയായിരുന്നു. ഹോം നേഴ്സ് വീട്ടിൽ വച്ച് നൽകിയ കേക്ക് കഴിച്ചതിനെ തുടർന്ന് യേശുദാസ് ബോധരഹിതനായെന്നും പിന്നാലെ മരണം സംഭവിച്ചു എന്നുമാണ് മകളും മരുമകളും പരാതിയിൽ പറയുന്നത്. കൂടാതെ യേശുദാസിന്റെ സ്വത്തുക്കൾ സഹോദരൻ ഗബ്രിയേൽ മാമൻ അനധികൃതമായി സ്വന്തമാക്കിയതായും പരാതിയിൽ ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *