2026ലെ തമിഴ്നാട് തിരഞ്ഞെടുപ്പിന് മുന്നോടിയായി പെരമ്പല്ലൂരിൽ വൻ പണവേട്ട. ഡിഎംകെ നേതാവിന്റെ കാറിൽ നിന്ന് 2.44 കോടി രൂപ പിടികൂടി. തിരഞ്ഞെടുപ്പ് ഫ്ളൈയിങ് സ്ക്വാഡാണ് പണം പിടിച്ചെടുത്തത്. പെരമ്പലൂരിലെ ഡിഎംകെ കർഷക യൂണിയൻ നേതാവ് ജയരാമന്റെ കാറിൽ നിന്നാണ് പണം പിടികൂടിയത്.
ഡിഎംകെ ജില്ലാ കർഷക വിഭാഗം ഡെപ്യൂട്ടി ഓർഗനൈസറായ കീലപുലിയൂർ സ്വദേശി ജയരാമൻ, രാജേഷ് കൃഷ്ണൻ എന്നിവരാണ് പിടിയിലായത്. പിടിച്ചെടുത്ത പണം പെരമ്പല്ലൂർ അസംബ്ലി മണ്ഡലത്തിലെ ഇലക്ഷൻ ഓഫീസർ അനിതയ്ക്ക് കൈമാറി. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
കാറിന്റെ ഡ്രൈവർ രാജേഷ് കണ്ണനെ ചോദ്യം ചെയ്തുവരുന്നു. പണം ആദായ നികുതി വകുപ്പിന് കൈമാറും. എക്സൈസ് സൂപ്പർവൈസറി ഓഫീസർ പളനിസെൽവൻ്റെ നേതൃത്വത്തിലുള്ള ഫ്ലയിംഗ് സ്ക്വാഡ് പതിവ് വാഹന പരിശോധന നടത്തുകയായിരുന്നു. ഈ സമയത്താണ് ഒരു കാറിന്റെ ഡിക്കിയിൽ അഞ്ച് കാർട്ടൺ പെട്ടികളിലായി 500 രൂപയുടെ കെട്ടുകൾ കണ്ടെത്തിയത്. ആകെ 2,44,97,500 രൂപയാണ് പിടിച്ചെടുത്തത്.
തിരഞ്ഞെടുപ്പ് അക്രമരഹിതവും സുതാര്യവുമാക്കാൻ 2,283 ഫ്ലയിംഗ് സ്ക്വാഡ് ടീമുകളെയാണ് തമിഴ്നാട്ടിലുടനീളം വിന്യസിച്ചിരിക്കുന്നത്. പരാതികൾ ലഭിച്ചാൽ 100 മിനിറ്റിനുള്ളിൽ നടപടിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം.
