കേരളത്തില്‍ പച്ചക്കറി വില പൊള്ളുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പച്ചക്കറി വില കുതിക്കുകയാണ്. തക്കാളിക്ക് മാത്രം മൂന്ന് മടങ്ങിലേറെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 100-110 രൂപയിലാണ് പൊതു വിപണിയില്‍ തക്കാളി ലഭ്യമാകുന്നത്. കഴിഞ്ഞ ആഴ്ച വരെ കിലോയ്ക്ക് 30 രൂപ മുതല്‍ 40 രൂപവരെയായിരുന്നു തക്കാളി വില.
മറ്റ് പച്ചക്കറികളുടേയും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ബീന്‍സ്, പയര്‍, വഴുതന, തുടങ്ങിയവയുടെ വിലയും ഇരട്ടിയിലേറെ വര്‍ധിച്ചു. 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി. 40 രൂപയ്ക്ക് കിട്ടിയിരുന്ന പയറിന് 80 കൊടുക്കണം. 30 രൂപയ്ക്ക് കിട്ടിയ കത്തിരിക്ക് 50 രൂപയായി. എന്നാല്‍ ഇപ്പോള്‍ വില കുറവുള്ളത് സവാളയ്ക്ക് മാത്രമാണ്. 22 രൂപയാണ് വില.
പച്ചക്കറിക്ക് മാത്രമല്ല, അരിയ്ക്കും വില കൂടിയിട്ടുണ്ട്. ജയ അരിയ്ക്കും ആന്ധ്രയില്‍ നിന്നുള്ള വെള്ള അരിക്കും പലയിടങ്ങളിലും ഏഴു രൂപ വരെ കൂടി. ഈ വിലവര്‍ധനവ് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുകയാണ്.
കനത്ത മഴയെത്തുടര്‍ന്നുണ്ടായ കൃഷി നാശവും ഇന്ധന വില വര്‍ധനയുമാണ് വില ഉയരുന്നതിന് കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു. ഡിമാന്റിനനുസരിച്ചുള്ള തക്കാളി വിതരണം ചെയ്യാന്‍ പല ഉല്‍പാദകര്‍ക്കും സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൃഷിനാശം രൂക്ഷമായതോടെ പല സംസ്ഥാനങ്ങളും തക്കാളി ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് വില്‍ക്കുന്നത് നിര്‍ത്തിയിട്ടുണ്ട്.