ഇന്ത്യയില്‍ വിലക്കയറ്റം ഏറ്റവും കുറവുളള സംസ്ഥാനം കേരളമാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്‍ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടിട്ടുണ്ട്. ഇക്കാര്യം കേരളത്തിന് അഭിമാനാര്‍ഹമാണെന്നും ധനമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന കെ.എഫ്.സിയുടെ സംയുക്ത സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് എല്ലാ അവശ്യവസ്തുക്കളുടെയും വില അനിയന്ത്രിതമായി കുതിച്ചുയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന ധനമന്ത്രിയുടെ പ്രതികരണം.
അതേസമയം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഗുരുതരാവസ്ഥയിലാണ്. അതുകൊണ്ടാണ് ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വില അടിക്കടി കൂട്ടുന്നതെന്നും കെ.എന്‍.ബാലഗോപാല്‍ ആരോപിച്ചു.
രാജ്യത്തെ ബാങ്കിംഗ് മേഖല മനുഷ്യത്വ രഹിതമായി മാറിയിരിക്കുന്നുവെന്ന് ധനമന്ത്രി കൂട്ടിചേര്‍ത്തു. എന്നാല്‍ സംരംഭകരെ സഹായിക്കുന്ന നിലപാടാണ് കെഎഫ്‌സിയുടേതെന്ന് ധനമന്ത്രി ചൂണ്ടികാട്ടി. പലിശ പരമാവധി കുറച്ചാണ് വായ്പ നല്‍കുന്നത്. തൊഴില്‍ സംരംഭകരെയും വ്യവസായികളെയും സഹായിക്കുന്ന നിലപാടാണ് കെഎഫ്‌സി തുടരുന്നതെന്നും ബാലഗോപാല്‍ പറഞ്ഞു. കെഎഫ്‌സി എംപ്ലോയീസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ധനമന്ത്രി.
ചെറുകിട സ്ഥാപനങ്ങള്‍ക്കും നൂതന ആശയങ്ങളുമായി വരുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും വായ്പ നല്‍കുന്നുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഇത്തരം ധനകാര്യ സ്ഥാപനങ്ങള്‍ക്ക് എതിരാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോള്‍ നൂതന സാങ്കേതിക വിദ്യയാണ് ധനകാര്യ മേഖലയില്‍ കൊണ്ടുവന്നിട്ടുള്ളത്. സാങ്കേതിക വിദ്യ ഏറ്റവും നല്ല രീതിയില്‍ പ്രയോജനപ്പെടുത്തുന്ന മേഖലയായി ധനകാര്യ മേഖല മാറിയെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.