ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ 33-ാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്. ഈ ദിവസം ദേശീയ ഭീകരവാദവിരുദ്ധദിനമായും ഇന്ത്യ ആചരിക്കുന്നു. അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നയിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിവര്‍ത്തന സംരംഭങ്ങളാല്‍ അടയാളപ്പെടുത്തിയതായിരുന്നു രാജീവ് ഗാന്ധിയുടെ പ്രധാനമന്ത്രി കാലം. പൈലറ്റായി ആകാശത്ത് പറന്നുനടക്കാന്‍ കൊതിച്ച രാജീവ് ഗാന്ധിയെ അമ്മയും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ വധമാണ് പ്രധാനമന്ത്രിപദത്തിലെത്തിച്ചത്. അവിചാരിതമായി രാഷ്ട്രീയക്കാരനാകേണ്ടി വന്ന രാജീവ് പക്ഷേ പരമ്പരാഗത രാഷ്ട്രീയ മാതൃകകള്‍ തച്ചുടച്ചു. ഇന്ത്യയെക്കുറിച്ചുള്ള രാജീവ് ഗാന്ധിയുടെ കാഴ്ചപ്പാടുകള്‍ അതിരുകള്‍ക്കപ്പുറത്തേക്ക് പടര്‍ന്നു. ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തുന്നതിലും അയല്‍ രാജ്യങ്ങളുമായും ആഗോളശക്തികളുമായും ഒരുപോലെ അടുത്തബന്ധം വളര്‍ത്തിയെടുക്കുന്നതിലും നിര്‍ണായകപങ്കാണ് രാജീവ് വഹിച്ചത്.

ഇന്ത്യയുടെ ചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ചതായിരുന്നു രാജീവ് ഗാന്ധിയുടെ കാലം. ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കാമെന്നും എല്ലാവരേയും ഉള്‍ക്കൊള്ളുണ്ടുള്ള വികസനം എങ്ങനെ സാധ്യമാക്കാനാകുമെന്നും ചിന്തിച്ച ദീര്‍ഘദൃഷ്ടിയായ നേതാവായിരുന്നു രാജീവ് ഗാന്ധി. ദേശീയ ഗ്രാമീണ തൊഴില്‍ പദ്ധതിയുടെയും ദേശീയ ഗ്രാമീണ ആരോഗ്യദൗത്യത്തിന്റെയും സമാരംഭം അടിസ്ഥാന വികസനത്തിനും സാമൂഹികക്ഷേമത്തിനുമുള്ള രാജീവ് ഗാന്ധിയുടെ പ്രതിബദ്ധതയ്ക്ക് തെളിവായിരുന്നു. ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാനും ഇന്ത്യയുടെ വളര്‍ച്ചയില്‍ ഭാഗഭാക്കാക്കാനും ലക്ഷ്യമിട്ട് ആരംഭിച്ച ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍ നവതലമുറയെ സൃഷ്ടിക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചു. ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ഭാവി സഹകരണത്തിന് അടിത്തറയിട്ടു.

1991 മെയ് 21-ന് എല്‍ ടി ടി ഇ ഭീകരര്‍ ശ്രീപെരുമ്പത്തൂരില്‍ വച്ച് രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയെങ്കിലും തലമുറകളെ പ്രചോദിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പൈതൃകം 33 വര്‍ഷങ്ങള്‍ക്കുശേഷവും നിലനില്‍ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *